
രേണുകാസ്വാമി കൊലപാതകക്കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് പത്രം, ടെലിവിഷൻ, പുസ്തകങ്ങൾ എന്നിവ ഉപയോഗിക്കാൻ സെഷൻസ് കോടതി അനുമതി നൽകി. ജയിലിലെ ഏകാന്തത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിച്ചത്. ഇതേ കേസിലെ പ്രതിയായ നടൻ ദർശനും മറ്റ് അനുയായികൾക്കും നേരത്തേ ജയിലിൽ ടിവി അനുവദിച്ചിരുന്നതും കോടതി പരിഗണിച്ചു.
പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് കേസ്. ദർശനും സംഘവും ചേർന്ന് രേണുകാസ്വാമിയെ ദിവസങ്ങളോളം തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതും ദർശന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തിയതുമാണ് കൊലപാതകത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കുന്നു. ഈ കേസിൽ പവിത്ര ഗൗഡയും പ്രതിയായി ഉൾപ്പെട്ടിട്ടുണ്ട്.











