
കണ്ണൂർ കല്ലാളത്തിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ, ഭാര്യ എ കെ ശ്രീലേഖ എന്നിവരുടെ മരണത്തിലാണ് പ്രദേശവാസികൾ ദുരൂഹത ആരോപിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
ബഹ്‌റൈനിലായിരുന്ന ഇളയ മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് ദമ്പതിമാരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിബിനെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാനായി സമീപവാസിയായ കണ്ണനിവാസിൽ സരോഷ് വൈകിട്ട് അഞ്ചുമണിയോടെ പ്രേമരാജന്റെ വീട്ടിലെത്തിയിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കുകയോ ഫോണെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് സമീപവാസികളെക്കൂട്ടി പോലീസിൽ വിവരമറിയിച്ചത്. പോലീസ് നിർദേശിച്ചതനുസരിച്ച് വാതിൽ തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടതെന്ന് സരോഷ് പറഞ്ഞു. രണ്ടുപേരും നിലത്താണ് കിടന്നിരുന്നത്. അപ്പോഴേക്കും വിമാനമിറങ്ങിയ ഷിബിൻ സരോഷിനെ വിളിച്ചിരുന്നു. സംഭവം പറഞ്ഞതോടെ ഷിബിൻ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.
ശ്രീലേഖയുടെ തലയ്ക്കുപിറകിൽ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നുവെന്ന് വീടിനകത്ത് കയറിയ അയൽവാസികൾ പറഞ്ഞു. കിടക്കയിൽ ചുറ്റികയും കണ്ടു. സ്ഥലത്തെത്തിയ പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി. ഓസ്ട്രേലിയയിൽ ജോലിചെയ്യുന്ന ഇരുവരുടെയും മൂത്തമകൻ പ്രബിത്ത് പ്രേമരാജൻ അടുത്തിടെയാണ് നാട്ടിൽവന്ന് തിരിച്ചുപോയത്. പ്രബിത്ത് കൂടി നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക. അതേസമയം, ഇന്ന് പോസ്റ്റുമോർട്ടം നടത്തുന്നതിലൂടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.











