
വിമാനത്തിനുള്ളിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികൾ അറസ്റ്റിൽ. കണക്ടികട്ട് സ്വദേശികളായ ട്രിസ്റ്റ എൽ റെയ്‌ലി (43), ക്രിസ്റ്റഫർ ഡ്രൂ അർനോൾഡ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇക്കഴിഞ്ഞ ജൂലായ് 19-ന് ന്യൂയോർക്കിൽനിന്ന് ഫ്‌ളോറിഡയിലെ സരസോട്ടയിലേക്ക് പുറപ്പെട്ട ജെറ്റ്ബ്ലൂ വിമാനത്തിൽ വെച്ചാണ് ദമ്പതികൾ സെക്സിലേർപ്പെട്ടത്. രാവിലെ പത്തരയോടെ വിമാനത്തിനുള്ളിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് മുൻപിൽവെച്ചായിരുന്നു ഇവർ ലൈംഗികബന്ധത്തിലേർപ്പെട്ടത്.
വിമാനത്തിൽ വെച്ച് യുവതിയും ഭർത്താവും ലൈംഗികബന്ധത്തിലേർപ്പെടുന്നത് കണ്ട യാത്രക്കാർ വിമാനത്തിലെ ജീവനക്കാരിയെ വിളിച്ച് പരാതി പറയുകയായിരുന്നു. ഇതിനു പിന്നാലെ സഹയാത്രികരായ ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളും പരാതി നൽകുകയും ചെയ്തു. പ്രായപൂർത്തിയാകാത്തവരുടെ മുന്നിൽ അശ്ലീലപ്രദർശനം നടത്തി എന്നു കാണിച്ചാണ് കേസെടുത്തതെന്ന് സരസോട്ട കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
വിചാരണയ്ക്കായി ഓഗസ്റ്റ് 15-ന് സരസോട്ട കൗണ്ടി കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ പ്രവൃത്തി അംഗീകരിക്കാനാവുന്നതല്ലെന്ന് ജെറ്റ്ബ്ലൂ കമ്പനി അറിയിച്ചു. ഇരുവർക്കും ഇനി ജെറ്റ്ബ്ലൂവിൽ യാത്രചെയ്യാനാവില്ലെന്നും കമ്പനി അറിയിച്ചു. കണക്റ്റികട്ടിൽ പെരുമാറ്റദൂഷ്യത്തിനും കൈയേറ്റത്തിനും ഇരുവർക്കുമെതിരേ മറ്റു കേസുകളുണ്ട്.











