07:17am 26 September 2026
NEWS
ലഹരിക്കേസിൽ ദമ്പതികൾ അറസ്റ്റിൽ


19/02/2026  06:53 AM IST
nila
ലഹരിക്കേസിൽ ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയുമായി ബന്ധമുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയായ മുഹമ്മദ് ഇർഫാനും ഭാര്യ ടി.സി. നിർഫാനയുമാണ് പിടിയിലായത്. സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി ‘കുമാരി’ എന്നറിയപ്പെടുന്ന അരുൺ അറസ്റ്റിലായ കേസിലെ ചോദ്യംചെയ്യലിലാണ് ദമ്പതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. യുവാക്കളുടെയും വിദ്യാർഥികളുടെയും ഇടയിൽ ‘ഡോൺ’ എന്ന പേരിലാണ് ഇർഫാൻ അറിയപ്പെട്ടിരുന്നത്. രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങി ലഹരിമരുന്ന് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഇടപാടുകൾക്കായി ഭാര്യയും ഒപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

പൊലീസിന്റെ ശ്രദ്ധ ഒഴിവാക്കാൻ ലഹരിമരുന്ന് ഇടപാടുകളുടെ പണമിടപാടുകൾ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു നടത്തിയിരുന്നത്. പകൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവന്ന നിർഫാനയും ഭർത്താവും നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയിൽ സജീവ പങ്കാളികളായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

വ്യാജ തിരിച്ചറിയൽ കാർഡുകളും പത്ത് മൊബൈൽ നമ്പറുകളും ഉപയോഗിച്ചാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. പൊലീസ് നിരീക്ഷണം വെട്ടിക്കാൻ ആറോളം വാഹനങ്ങൾ ഇർഫാൻ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കല്ലായിയിലെ ഒരു ഷൂ കടയുടെ മറവിലും ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നതായി സൂചനയുണ്ട്.

ദീർഘകാല നിരീക്ഷണത്തിനൊടുവിലാണ് ഡാൻസാഫ് സംഘം ദമ്പതികളെ വലയിലാക്കിയത്. 2025-ൽ 25 ഗ്രാം എംഡിഎംഎയുമായി തൊണ്ടയാട് സ്വദേശിയായ അക്ഷയ അറസ്റ്റിലായ കേസിലും ഇവർ പ്രതികളാണ്. കൂടാതെ, ഇർഫാന്റെ രണ്ട് സഹോദരങ്ങൾക്കെതിരെയും ലഹരിമരുന്ന് ഉപയോഗത്തിലും കടത്തിലും ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img