12:28pm 17 September 2026
NEWS
മരണത്തോടുള്ള മല്ലിടുംതിനിടയിലെ നിയമപോരാട്ടം: ജീവൻരക്ഷാ മരുന്നുകളുടെ വിലക്കയറ്റത്തിൽ ഹൈക്കോടതി വിധി കാത്ത് രാജ്യം
17/09/2026  09:53 AM IST
നിയമകാര്യ ലേഖകൻ
മരണത്തോടുള്ള മല്ലിടുംതിനിടയിലെ നിയമപോരാട്ടം: ജീവൻരക്ഷാ മരുന്നുകളുടെ വിലക്കയറ്റത്തിൽ ഹൈക്കോടതി വിധി കാത്ത് രാജ്യം

കൊച്ചി:​അതൊരു കോടതി മുറിയിലെ വെറുമൊരു കേസ് മാത്രമായിരുന്നില്ല; മരണം മുന്നിൽക്കണ്ട് ജീവനുവേണ്ടി പടവെട്ടിയ ഒരു സാധാരണ സ്ത്രീയുടെ നിലവിളിയിൽ നിന്നുടലെടുത്ത വലിയൊരു സാമൂഹിക പോരാട്ടമായിരുന്നു അത്. മാസംതോറും എഴുപത്തയ്യായിരത്തോളം രൂപ വിലവരുന്ന 'റിബോസിലിബ്' (Ribociclib) എന്ന സ്തനാർബുദ പ്രതിരോധ മരുന്ന് സാധാരണക്കാരായ രോഗികൾക്ക് താങ്ങാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി 2022-ൽ ഒരു രോഗി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ ചരിത്രപരമായ നിയമപോരാട്ടത്തിന് തുടക്കമാകുന്നത്.
​എന്നാൽ, വിധി വരും മുമ്പ് ആ രോഗി മരണത്തിന് കീഴടങ്ങി. എങ്കിലും കോടതി ആ വിഷയം അവിടെ അവസാനിപ്പിച്ചില്ല. രോഗിയുടെ വിയോഗത്തിനുശേഷവും ആ വേദനയുടെ ആഴം ഉൾക്കൊണ്ട് കേരള ഹൈക്കോടതി ആ ഹർജി ഒരു സ്വമേധയാ കേസായി (Suo Motu Petition) ഏറ്റെടുക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട നിയമവഴികൾക്കൊടുവിൽ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ച് ഒടുവിൽ ഈ പ്രധാന്യമേറിയ കേസിൽ വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
​ജീവനും വിപണിയും തമ്മിലുള്ള പോരാട്ടം
​കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. വിലകുറഞ്ഞ മറ്റ് മരുന്നുകൾ ഉണ്ടല്ലോ എന്ന വാദത്തെ അമിക്കസ് ക്യൂറി മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ ശക്തമായി ഖണ്ഡിച്ചു. വിപണിയിലുള്ള മറ്റ് പകരക്കാരെല്ലാമൊരുപോലെ ഫലപ്രദമല്ലെന്നും, രോഗാവസ്ഥയുടെ ആദ്യഘട്ടങ്ങളിൽത്തന്നെ ഉപയോഗിക്കേണ്ട 'റിബോസിലിബ്' പോലുള്ള മരുന്നുകൾ നിഷേധിക്കപ്പെടുന്നത് രോഗിയുടെ ജീവനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അവർ വാദിച്ചു. ചികിത്സാച്ചെലവിനൊപ്പം മരുന്നിന്റെ വിലകൂടി ചേരുമ്പോൾ പല കുടുംബങ്ങളും കടക്കെണിയിലാവുകയോ ആധാരങ്ങൾ പണയം വെക്കുകയോ ചെയ്യേണ്ടിവരുന്ന ദയനീയ സ്ഥിതിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
​മറുവശത്ത്, ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ നോവാർട്ടിസ്, എലി ലില്ലി തുടങ്ങിയ കമ്പനികൾ തങ്ങളുടെ നിലപാടുകൾ ശക്തമായി അവതരിപ്പിച്ചു. മരുന്നുകളുടെ ഗവേഷണത്തിനായി കോടിക്കണക്കിന് രൂപ മുടക്കുന്ന കമ്പനികളെ സംബന്ധിച്ച് പെട്ടെന്നുള്ള സർക്കാർ ഇടപെടലുകൾ (സെക്ഷൻ 100 പ്രകാരം) തിരിച്ചടിയാകുമെന്നും, നിലവിലുള്ള ട്രേഡ് മാർജിൻ നിയന്ത്രണങ്ങൾ പര്യാപ്തമാണെന്നും അവർ വാദിച്ചു.
​പ്രതീക്ഷയോടെ നീതിപീഠത്തിലേക്ക്
​ഈ കേസ് മുന്നോട്ട് പോകുന്നതിനിടയിൽ, സമാനമായ അവസ്ഥ നേരിടുന്ന മറ്റൊരു രോഗി കൂടി ഈ നിയമപോരാട്ടത്തിന്റെ ഭാഗമായി മാറി. മരുന്നുകളുടെ വിലക്കയറ്റവും പാവപ്പെട്ടവന്റെ ആരോഗ്യവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥ തേടുന്ന ഹൈക്കോടതിയുടെ ഈ അന്തിമ വിധി, ഇന്ത്യയിലെ ലക്ഷക്കണക്കിന് കാൻസർ രോഗികളുടെ ഭാവി നിർണ്ണയിക്കുന്ന ഒന്നായിരിക്കുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img