03:52pm 25 June 2026
NEWS
പടക്കോപ്പുകൾ വാങ്ങിക്കൂട്ടാൻ ലോകരാജ്യങ്ങൾ ബെംഗളൂരുവിൽ
13/02/2025  04:38 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പടക്കോപ്പുകൾ വാങ്ങിക്കൂട്ടാൻ ലോകരാജ്യങ്ങൾ ബെംഗളൂരുവിൽ

 ബെംഗളൂരു: രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിൽ പങ്കെടുക്കാൻ താൽപ്പര്യത്തോടെ കാത്തിരിക്കുന്ന നിരവധി ലോക രാഷ്ട്രങ്ങളുണ്ട്. ഇവയിൽ എഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചെറുതും വലുതുമായ രാജ്യങ്ങളുൾപ്പെടും. ഇന്ത്യയിൽ നിന്ന് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രതിരോധ സാങ്കേതിക വിദ്യകളും വാങ്ങാൻ താൽപ്പര്യമുള്ള രാജ്യങ്ങളാണിവ. ലോകത്തെ വമ്പൻ സൈനിക ശക്തികളുമായി ഈ ചെറിയ രാജ്യങ്ങൾക്ക് കാര്യമായ സൈനിക സഹകരണമുണ്ടാകില്ല. മാത്രമല്ല, ഉയർന്ന തുക കൊടുത്ത് പടക്കോപ്പുകൾ വാങ്ങിക്കാനുള്ള ശേഷിയും ഈ രാജ്യങ്ങൾക്കുണ്ടാകില്ല.   

ഇവിടെയാണ് ഇന്ത്യയുടെ പ്രസക്തി. ലോകത്തെ ആയുധ വിപണിയിൽ വളർന്നു വരുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ, യു എസ് രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന മൂന്നാം ലോകരാഷ്ട്രമെന്ന നിലയിൽ നിന്ന് സ്വന്തമായി യുദ്ധവിമാനങ്ങളും പടക്കപ്പലുകളും മിസൈലുകളും ആയുധങ്ങളും നിർമ്മിക്കുന്ന രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ വളർന്നു കഴിഞ്ഞു. അതിനാൽ ഇന്ത്യയുമായി ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ താൽപ്പര്യപ്പെടുന്ന ലോകരാജ്യങ്ങളുടെ എണ്ണം കൂടുകയാണ്. 

വിശ്വാസ്യതയും വിലക്കുറവും മികച്ച സാങ്കേതികയുമാണ് ഇന്ത്യയിലേക്ക് അവരെ ആകർഷിക്കുന്നത്.    ഇത്തവണത്തെ എയ്റോ ഇന്ത്യ പ്രദർശനത്തിലും നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കാനെത്തി. പ്രതിരോധ മന്ത്രി, സഹമന്ത്രി, പ്രതിരോധ സെക്രട്ടറി, ഇന്ത്യയുടെ വിവിധ പ്രതിരോധ നിർമ്മാണ കമ്പനികളുടെ തലവൻമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അവർ മടങ്ങിയത്. ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ പവലിയനിൽ വിയറ്റ്നാം സംഘം കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും എയ്റോ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇവർ പ്രതിരോധ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെയും മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിലെയും പ്രതിരോധ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിട്ടുണ്ട്. ഇവർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ചർച്ച നടത്തി. മൊസാംബിക്, സുരിനാം, മംഗോളിയ, നേപ്പാൾ, കോംഗോ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ പ്രതിനിധികളും എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img