
കൊച്ചി: നൂതന സാങ്കേതികവിദ്യകള്‍ ഇല്ലാതെ പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യന്‍ നാവികസേനാ യാനമായ ഐഎന്‍എസ്‌വി കൗണ്ടിന്യ പോര്‍ബന്തറില്‍ നിന്നുള്ള കന്നി യാത്ര വിജയകരമായി പൂര്‍ത്തിയാക്കി മസ്‌കറ്റിലെത്തി. ഇന്ത്യയും ഒമാനും പങ്കിട്ട സമുദ്ര പൈതൃകത്തിലെ സുപ്രധാന നിമിഷത്തിനു സാക്ഷ്യം വഹിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കപ്പലിനെയും ജീവനക്കാരെയും സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് സ്വീകരിച്ചു.
അയ്യായിരം വര്‍ഷത്തിലേറെയായി ഇന്ത്യക്കും ഒമാനും ഇടയില്‍ ആഴത്തില്‍ വേരൂന്നിയ സമുദ്ര, സാംസ്‌കാരിക, നാഗരിക ബന്ധങ്ങളെ എടുത്തുകാണിക്കുന്ന പ്രതീകമാണ് പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ച ഈ കപ്പല്‍. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 70 വര്‍ഷം അനുസ്മരിക്കവേ ഈ പര്യവേഷണത്തിന് പ്രാധാന്യമേറെയാണെന്ന് നാവിക സേനാ വക്താവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ തദ്ദേശീയ സമുദ്ര പരിജ്ഞാനം, കരകൗശല വൈദഗ്ദ്ധ്യം, സുസ്ഥിര കപ്പല്‍ നിര്‍മ്മാണ രീതികള്‍ എന്നിവ ഐഎന്‍എസ്‌വി കൗണ്ടിന്യ പ്രദര്‍ശിപ്പിക്കുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത പദ്ധതി നാവിക വാസ്തുശില്പികള്‍, പുരാവസ്തു ഗവേഷകര്‍, പരമ്പരാഗത കപ്പല്‍ നിര്‍മ്മാണ ഡിസൈനര്‍മാര്‍ എന്നിവരുടെ പിന്തുണയോടെയാണ് ഇന്ത്യന്‍ നാവികസേന നടപ്പിലാക്കിയത്. അജന്ത ഗുഹാചിത്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ ഒരു കപ്പലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആധുനിക ആണികളോ ലോഹ ഉറപ്പിക്കലുകളോ ഇല്ലാതെ പരമ്പരാഗത തുന്നല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ മഹാസമുദ്രം കടന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് യാത്രപോയ ഇതിഹായ യാത്രികനായ കൗണ്ടിന്യന്റെ പേരാണ് കപ്പലിനു നല്‍കിയിരിക്കുന്നത്.കേരളത്തില്‍നിന്നുള്ള കരകൗശല വിദഗ്ധരും പരമ്പരാഗത കപ്പല്‍ നിര്‍മാതാക്കളും കൗണ്ടിന്യയുടെ നിര്‍മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. തേങ്ങാനാരുകള്‍, തടി, കയര്‍, പ്രകൃതിദത്ത റസിനുകള്‍ എന്നിവ ഉപയോഗിച്ചു. കൊങ്കണ്‍ തീരം ഭരിച്ചിരുന്ന കദംബ രാജവംശത്തിന്റെ രാജകീയ ചിഹ്നമായ ഗന്ധഭേരുവിന്റെയും സൂര്യന്റെയും ചിത്രങ്ങളാണ് കപ്പലിന്റെ ഇരു വശങ്ങളിലുമുള്ള പായ് തുണികളില്‍ അച്ചടിച്ചിരിക്കുന്നത്. കപ്പലിന്റെ അഗ്രഭാഗത്ത് ഹാരപ്പന്‍ സംസ്‌ക്കാരത്തിന്റെ പ്രതീകമായ പ്രത്യേക ശൈലിയിലുള്ള ശില നങ്കൂരത്തെ അലങ്കരിക്കുന്നു.
സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് സംഘടിപ്പിച്ച സ്വാഗത ചടങ്ങില്‍, ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടര്‍സെക്രട്ടറി അസാന്‍ അല്‍ ബുസൈദി, ഇന്ത്യന്‍ നാവികസേന, റോയല്‍ നേവി ഓഫ് ഒമാന്‍, റോയല്‍ ഒമാന്‍ പോലീസ് കോസ്റ്റ് ഗാര്‍ഡ്, മറ്റ് മന്ത്രാലയങ്ങള്‍ എന്നിവയിലെ മുതിര്‍ന്ന വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ഒരു വലിയ ഇന്ത്യന്‍ സമൂഹം കപ്പലിനെ ആവേശത്തോടെ സ്വീകരിച്ചു. ചടങ്ങിന് പരമ്പരാഗത ഇന്ത്യന്‍, ഒമാനി സാംസ്‌കാരിക പ്രകടനങ്ങള്‍ പകിട്ടേകി. സന്ദര്‍ശന വേളയില്‍, കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി സെയ്ദ് ബിന്‍ ഹമൂദ് ബിന്‍ സെയ്ദ് അല്‍ മവാലിയുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.








