12:02pm 29 August 2026
NEWS
തൃശ്ശൂർ ഡിസിസി നേതൃത്വത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി കൗൺസിലർ ലാലി ജെയിംസ്
27/12/2025  10:41 AM IST
nila
തൃശ്ശൂർ ഡിസിസി നേതൃത്വത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി കൗൺസിലർ ലാലി ജെയിംസ്

തൃശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ മേയർ പദവിയുമായി ബന്ധപ്പെട്ട പണപ്പെട്ടി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസ്, ഡിസിസി നേതൃത്വത്തിനെതിരെ വീണ്ടും രം​ഗത്ത്. ആരോപണങ്ങൾ ഉന്നയിച്ചതിന് സസ്പെൻഡ് ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ലാലി പറഞ്ഞു. സസ്പെൻഷൻ നടപടിയെ താൻ ശിരസ്സാവഹിക്കുമെന്നും, അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും ലാലി വ്യക്തമാക്കി. സ്ഥാനമോഹം കൊണ്ടല്ല, അനീതിക്കെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് താൻ പ്രതികരിച്ചതെന്നും അവർ പറഞ്ഞു.

മേയർ പദവിക്കായി ഫണ്ട് ആവശ്യപ്പെട്ടിരുന്നെന്ന് ലാലി ആവർത്തിച്ചു. ഡിസിസി നേതൃത്വം ഇക്കാര്യം അറിയിച്ചിരുന്നുവെന്നും, അതിന് വഴങ്ങാൻ കഴിയില്ലെന്ന് താൻ വ്യക്തമാക്കിയിരുന്നുവെന്നും ലാലി ആരോപിച്ചു. പണപ്പെട്ടി നൽകിയെന്ന വിവരം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചതെന്നും, നേരിട്ട് അത്തരം ഇടപാടുകൾ കണ്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ലാലി ജെയിംസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കൂടുതൽ കൗൺസിലർമാർ തന്റെ പേരാണ് മുന്നോട്ടുവച്ചതെന്നും, നാല് തവണ കൗൺസിലറായിട്ടും സാധാരണക്കാരിയായതിനാൽ തന്നെ അവഗണിച്ചുവെന്നുമായിരുന്നു അവരുടെ വാദം. വിവാദ പ്രസ്താവനകൾക്ക് പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെയാണ് ലാലി ജെയിംസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തൃശൂർ ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img