
തിരുവനന്തപുരം: കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിൽ ഭരണപരമായ നടപടികൾക്ക് നീക്കം. മന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശം മറികടന്ന് കൗൺസിലർക്ക് അനുകൂലമായി നിലപാടടെടുത്ത അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമയ്‌ക്കെതിരെ നടപടിയെടുക്കാൻ മന്ത്രി കെ. എം. ഷാജി നിർദേശിച്ചു.
സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് മുൻപ് നൽകിയ അനുകൂല നോട്ടീസ് റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്.
സംഭവിച്ചത് എന്ത്?
നിരാകരിച്ച ഫയൽ മറികടന്നു: വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി മേയർ വി.വി. രാജേഷിനാണ് സുഗതൻ കത്ത് നൽകിയത്. ആഭ്യന്തര വകുപ്പ് വഴി തദ്ദേശ വകുപ്പിലെത്തിയ അപേക്ഷ നിലവിൽ നൽകാനാവില്ലെന്ന് കാണിച്ച് മന്ത്രിയും സെക്രട്ടറിയും നേരത്തെ തിരിച്ചയച്ചതായിരുന്നു.
വോട്ടിനിടാൻ ശുപാർശ:
എന്നാൽ മേലധികാരികളുടെ ഉത്തരവ് മറികടന്ന്, കെ.എ.എസ് ഉദ്യോഗസ്ഥ കൂടിയായ അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമ അപേക്ഷ കോർപറേഷൻ കൗൺസിലിൽ വോട്ടിനിടാമെന്ന് ഫയലിൽ കുറിപ്പെഴുതുകയായിരുന്നു.
പദവി സംരക്ഷിക്കാൻ വഴി തേടി:
മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമായിരിക്കുമെന്ന വിവരവും ഈ കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു.
മേയർക്ക് കത്തുപോയി:
ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് തുടർനടപടികൾക്കായി കത്തുനൽകിയതോടെയാണ് വകുപ്പുതലത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.
ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി ശക്തമാക്കാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.










