
ഇറാനെതിരെ അമേരിക്ക ഉപയോഗിച്ചത് തങ്ങളുടെ ആയുധശേഖരത്തിലെ ഏറ്റവും വിലപിടിപ്പുളളതും പ്രഹരശേഷി കൂടിയതുമായ ആയുധങ്ങൾ. ലോകത്ത് മറ്റൊരു രാജ്യത്തിനും സ്വന്തമാക്കാൻ കഴിയാത്ത ആയുധങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയത്. നാല് എൻജിനുകളുള്ള ബി2 സ്റ്റെൽത്ത് വിമാനങ്ങളും GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകളും ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളുമാണ് അമേരിക്ക ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഉപയോഗിച്ചത്.
ഇറാൻറെ ഭൂഗർഭ ആണവ കേന്ദ്രമായ ഫോർഡോ ആക്രമിക്കാനായി ആറ് ബി2 സ്റ്റെൽത്ത് വിമാനങ്ങളിലായി 12 GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകളാണ് ഉപയോഗിച്ചത്. ഇതിനൊപ്പം മറ്റു ആണവ കേന്ദ്രങ്ങളിലേക്ക് 30 ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളും ഉപയോഗിച്ചു. ആക്രമണം നടത്തി ദൗത്യസംഘം സുരക്ഷിത സ്ഥാനങ്ങളിൽ തിരിച്ചെത്തിയ ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് ലോകം ഈ ആക്രമണത്തെ കുറിച്ച് അറിഞ്ഞത്.
പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും വഹിക്കാൻ ശേഷിയുള്ളവയാണ് ബി2 സ്റ്റെൽത്ത് വിമാനങ്ങൾ. രണ്ട് പേരടങ്ങുന്ന ക്രൂവാണ് വിമാനം പറത്തുന്നത്. 40,000 പൗണ്ട് പേലോഡുള്ള വിമാനം 1989 ലാണ് ആദ്യമായി പറന്നത്. 2001 ൽ അഫ്ഗാനിസ്ഥാനിലും ഈയിടെ ഹൂതികൾക്കെതിരെയും ബി2 ഉപയോഗിച്ചു. യുഎസ് എയർഫോഴ്സിൻറെ ആയുധപുരയിൽ ആകെയുള്ളത് 20 ബി-2 വിമാനങ്ങളാണ്. എല്ലാം മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസ് ആസ്ഥാനത്ത്. ഇതിൽ നിന്നും ആറു വിമാനങ്ങളാണ് ഇറാനിലേക്ക് പറത്തിയത്. ഓരോന്നിനും രണ്ടു ബില്യൺ ഡോളറാണ് വില.
30,000 പൗണ്ട് അഥവാ 13600 കിലോ ഭാരമുള്ളവയാണ് മാസ്സീവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകൾക്ക്. 30,000 പൗണ്ടിൽ 5.300 പൗണ്ട് സ്ഫോടന വസ്തുക്കളാണ്. 60 മീറ്റർ വരെ താഴത്തിൽ പ്രഹരിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഓരോ ബി–ടു വിമാനത്തിനും രണ്ട് ബോംബുകൾ സൂക്ഷിക്കാൻ കഴിയും. ഇങ്ങനെ ആറു വിമാനങ്ങൾ ചേർന്ന് 12 ബോംബുകളാണ് പ്രഹരിച്ചത്. ബോംബുകൾ വികസിപ്പിക്കാനുള്ള ചെലവ് 400–500 മില്യൺ ഡോളറിന് ഇടയിലും നിർമാണ ചെലവ് 3.5 മില്യൺ ഡോളറുമാണ്.
ഇതിനൊപ്പം നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിൽ പ്രയോഗിച്ചത് ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളാണ്. ദീർഘദൂര സബ്സോണിക് ക്രൂയിസ് മിസൈലുകൾ യുഎസ് േനവി വികസിപ്പിച്ചവയാണ്. കരയിൽ നിന്നും സമുദ്രത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന ആദ്യമായി പ്രയോഗിച്ചത് 1991 ലെ ഗൾഫ് യുദ്ധത്തിൽ. ഓരോ മിസൈലിനും രണ്ടു മില്യൺ ഡോളർ ചെലവ് വരും.











