09:25am 24 October 2026
NEWS
അഴിമതി വിവരങ്ങൾ ഇനി പുറത്തുവരില്ല; വിജിലൻസിൽ 'വിവരാവകാശ കത്രിക', ടി-സെക്ഷനുകളെ ഒഴിവാക്കി
24/10/2026  08:47 AM IST
ന്യൂസ് ബ്യൂറോ
അഴിമതി വിവരങ്ങൾ ഇനി പുറത്തുവരില്ല; വിജിലൻസിൽ വിവരാവകാശ കത്രിക, ടി-സെക്ഷനുകളെ ഒഴിവാക്കി

​തിരുവനന്തപുരം: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന വിജിലൻസിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഇനി പുറത്തുവരില്ല. വിജിലൻസ് വിഭാഗത്തിലുള്ള 32 സെക്ഷനുകളിൽ ടി-1, ടി-2 എന്നിവയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കി. ഈ രണ്ട് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന അന്വേഷണ റിപ്പോർട്ടുകളും വിവരങ്ങളും ലഭിക്കില്ല. ഏതൊക്കെ കേസുകൾ ഈ സെക്ഷനുകളിലേക്ക് മാറ്റണമെന്ന് വിജിലൻസ് മേധാവിക്ക് തീരുമാനിക്കാം. നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ പ്രമുഖർക്കെതിരെയുള്ള കേസുകളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനുള്ള തന്ത്രമെന്ന് വിമർശനം ഉയർന്നു.
​പർച്ചേസ് അഴിമതികൾ, ടെൻഡറിലെ ക്രമക്കേടുകൾ എന്നിങ്ങനെ കേസന്വേഷണങ്ങളിലെ രഹസ്യരേഖകൾ പുറത്തുപോവാതിരിക്കാനാണ് ഇവയെ വിവരാവകാശ നിയമത്തിൽ നിന്നൊഴിവാക്കിയതെന്ന് വിജിലൻസ് വിശദീകരിച്ചു. വിവരാവകാശ നിയമം നിലവിൽ വന്നപ്പോൾ കോൺഫിഡൻഷ്യൽ എന്ന കാരണത്താൽ ടി-സെക്ഷനെ ഒഴിവാക്കിയിരുന്നു. ലോക്‌നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറായപ്പോൾ, വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കി. ഇപ്പോൾ വീണ്ടും ഒഴിവാക്കിയിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ഇന്റലിജൻസിലെയും ടി-സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്ന് നേരത്തേ ഒഴിവാക്കിയിട്ടുണ്ട്.
​വിജിലൻസിലെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകൾ, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകൾ, അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നത് ടി-1 സെക്ഷനാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ് ചെയ്യൽ, നിർണായകമായ സോഴ്സ് റിപ്പോർട്ടുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ടി-2 സെക്ഷനാണ്.
​വിവരാവകാശ നിയമം ബാധകമല്ലാത്തവ
​ജി.എസ്.ടി ഇന്റലിജൻസ്
​ഇന്റലിജൻസ് ബ്യൂറോ
​എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
​സി.ബി.ഐ
​എൻ.ഐ.എ
​നാർകോട്ടിക് കൺട്രോൾ ബ്യൂറോ
​സ്പെഷ്യൽ ബ്രാഞ്ച്
​ക്രൈംബ്രാഞ്ച്
​ക്രൈം റെക്കാഡ്സ് ബ്യൂറോ
​പൊലീസ് ആസ്ഥാനം
​അഴിമതി സി.ബി.ഐയും സൈന്യവും പുറത്തുവിടും
​സൈന്യത്തിലും സി.ബി.ഐയിലും അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകും.
​അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയോ സുരക്ഷയെയോ ബാധിക്കുന്നതോ നിലവിലുള്ള അന്വേഷണങ്ങളെ തടസപ്പെടുത്തുന്നതോ ആണെങ്കിൽ മാത്രമേ ലഭിക്കാതിരിക്കൂ.
​കരസേന, നാവികസേന, വ്യോമസേന എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുമെങ്കിലും, രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ നൽകാറില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img