
കൊച്ചി: പി ആൻഡ് ടി കോളനി നിവാസികൾക്കായി ജിസിഡിഎ മുണ്ടംവേലിയിൽ നിർമിച്ച അപ്പാർട്മെന്‍റുകളിലെ നിർമാണത്തിലെ ഗുരുതരമായ അപാകതകളെയും അഴിമതികളെയും കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് മന്ത്രിക്ക് കെ എം ഷാജി കത്ത് നൽകി. ഫ്ലാറ്റ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഷിയാസ് എം എൽ എ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചിരുന്നു. അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം എൽ എ യ്ക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകിയത്.
2024 ൽ താമസം തുടങ്ങിയ ഫ്ലാറ്റുകളിൽ മഴയത്ത് ചോർച്ചയുണ്ടെന്നും നാലാം നിലയിലെ ശുചിമുറിയിൽ നിന്നുള്ള വെള്ളം താഴത്തെ നിലകളിലെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കും ഒലിച്ചിറങ്ങുന്നുണ്ടെന്നും എം എൽ എ ചൂണ്ടിക്കാണിച്ചിരുന്നു.110 കെ വി, 64 കെ വി ലൈനുകൾക്ക് സമീപത്ത് ദൂരപരിധി ലംഘിച്ച് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച സമുച്ചയത്തിൽ മഴക്കാലത്ത് ഷോക്കേൽക്കുന്നതും ഫാൻ, ടി വി തുടങ്ങിയ ഉപകരണങ്ങൾ കേടാകുന്നതും പതിവാണ്. ലിഫ്റ്റ് സൗകര്യം ഇല്ലാത്തത് രോഗബാധിതർക്കും പ്രായമായവർക്കും ബുദ്ധിമുട്ടാകുന്നുമുണ്ട്.
കെട്ടിടത്തിന്‍റെ ബലക്ഷയത്തെ കുറിച്ചും നിർമാണത്തിൽ നടന്ന വൻ അഴിമതിയെ കുറിച്ചും മുഹമ്മദ് ഷിയാസ് സഭയിൽ ഉന്നയിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും അഴിമതി ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിജിലൻസ് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ കെ എം ഷാജി ചൂണ്ടിക്കാട്ടുന്നു.
വിജിലൻസ് അന്വേഷണ ശുപാർശ സ്വാഗതം ചെയ്യുന്നതായും എത്രയും വേഗം അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മുഹമ്മദ് ഷിയാസ് എം എൽ എ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് ഉടൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google










