
ന്യൂഡൽഹി:കേരളത്തിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഉപകരാറുകളിലെ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും പുറത്തുവന്ന സാഹചര്യത്തിൽ, പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) വിഷയത്തിൽ സി.എ.ജി. ഓഡിറ്റിംഗ് നടത്താൻ ശുപാർശ ചെയ്തു. മലപ്പുറം കൂരിയാട് അടക്കം നിർമ്മാണ പിഴവുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ എടുക്കണമെന്നും പി.എ.സി. ആവശ്യപ്പെട്ടു.
പി.എ.സി. അദ്ധ്യക്ഷൻ കെ.സി. വേണുഗോപാൽ എം.പി. അറിയിച്ച പ്രധാന ശുപാർശകൾ:
* നിർമ്മാണത്തിലെ കാലതാമസം, ടോൾ പിരിവിലെ അസ്വാഭാവികതകൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിലെ പ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്താണ് ഓഡിറ്റിംഗ് ശുപാർശ ചെയ്തത്.
* നിലവിൽ കൂരിയാട് പോലുള്ള പിഴവുകൾക്ക് ഒരു വർഷത്തെ വിലക്ക് മാത്രമാണ് നടപടി. എന്നാൽ, ഇത് പോരാ. മന്ത്രാലയം പിഴവ് ശരിവെച്ചതിനാൽ കർശന നടപടികൾ അനിവാര്യമാണ്.
* ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ട്. വീഴ്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയിൽപ്പെടുത്തണം.
* 3684.98 കോടിയുടെ കടമ്പാട്ടുകോണം-കഴക്കൂട്ടം പദ്ധതി 795 കോടിക്കാണ് ഉപകരാർ നൽകിയത്.
* റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നത് നിരോധിക്കണം.
* ഡി.പി.ആർ. തയ്യാറാക്കുമ്പോൾ ജില്ലാ ഭരണകൂടം, സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരുമായി ആലോചിക്കണം.
* രൂപകൽപ്പനയിലെ പിഴവുകൾ ഒഴിവാക്കാൻ സാങ്കേതിക വിദഗ്ദ്ധരടങ്ങിയ ഉന്നതതല സംവിധാനം രൂപീകരിക്കണം.
* ഉപകരാറുകൾ സുതാര്യമാക്കണം. ഒന്നിലധികം ഉപകരാറുകൾ നൽകുന്നത് ഒഴിവാക്കണം.
* നിർമ്മാണത്തിന് മുൻപേ ഓഡിറ്റുകൾ നടത്തണം.
* സർവീസ് റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണം.
* അരൂർ, പാലിയേക്കര എന്നിവിടങ്ങളിലേതുപോലെ പൂർത്തിയാകാത്തതോ ഗതാഗതയോഗ്യമല്ലാത്തതോ ആയ റോഡുകളിൽ ടോൾ പിരിവ് നിരോധിക്കണം.











