03:35pm 09 November 2026
NEWS
ഇ.ഡി ഓഫീസിൽ കോടികളുടെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണം, കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ
21/05/2025  08:23 AM IST
സുരേഷ് വണ്ടന്നൂർ
ഇ.ഡി ഓഫീസിൽ കോടികളുടെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണം, കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ

കേരളത്തിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി വിജിലൻസ് വിഭാഗം കണ്ടെത്തിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രാധാന്യം വർദ്ധിച്ചു. കൊച്ചി ഇ.ഡി യൂണിറ്റിലെ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ നൂറു മുതൽ അഞ്ഞൂറ് കോടിവരെ കള്ളപ്പണ ഇടപാടുകൾ കൈക്കൂലി വാങ്ങി ഒതുക്കിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഒരു ഇ.ഡി ഉദ്യോഗസ്ഥനും മൂന്ന് ഇടനിലക്കാരും കശുവണ്ടി കയറ്റുമതി വ്യാപാരിയിൽ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയ കേസിൽ പ്രതികളായി.

ചാർട്ടേർഡ് അക്കൗണ്ടന്റുമാരടക്കം 18 ഏജന്റുമാരെ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയതെന്ന് വിജിലൻസ് കണ്ടെത്തി. കൊച്ചിയിൽ രണ്ട് ഫ്ലാറ്റുകളും, തിരുവനന്തപുരത്ത് രണ്ട് റിസോർട്ടുകൾക്ക് ഭൂമി വാങ്ങാൻ ശ്രമിച്ചതിന് തെളിവുണ്ടെന്നും വിജിലൻസ് പറയുന്നു.

എന്നാൽ, ഇ.ഡി ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തത് സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന വിമർശനവും ശക്തമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിച്ചെന്ന ആരോപണത്തെ തുടർന്ന് സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ, സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും, പിന്നീട് സുപ്രീംകോടതിയിൽ കേസ് തുടരുകയും ചെയ്തു.

കേന്ദ്ര ഏജൻസിയായ ഇ.ഡിക്കെതിരെ സംസ്ഥാനങ്ങൾക്ക് അന്വേഷണം നടത്താൻ അധികാരമില്ലെന്ന നിയമവാദം ഇ.ഡി ഉന്നയിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്ക് വിശാലമായ അന്വേഷണ അധികാരങ്ങൾ സുപ്രീംകോടതി നേരത്തെ തന്നെ ശരിവച്ചിട്ടുണ്ട്. അതേസമയം, വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നൽകിയ മൊഴികൾ പരസ്പരം വിരുദ്ധമാണെന്നും, കള്ളപ്പണക്കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നുമാണ് ഇ.ഡി വിശദീകരണം.

സംസ്ഥാന സർക്കാരും ഇ.ഡിയും തമ്മിലുള്ള അധികാര തർക്കം വീണ്ടും ചർച്ചയാകുമ്പോൾ, അഴിമതി ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ തരംഗങ്ങൾ സൃഷ്ടിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img