
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുൺ എ യു, ഫിനാൻസ് ഓഫീസർ ഗിരീഷ് കുമാർ എന്നിവർ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെൽ (ഇഒസി) നടപ്പാക്കുന്ന ‘ഏൺ വൈൽ യൂ ലേൺ’ (EWYL) പദ്ധതിക്ക് പ്രധാന കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പിന്തുണയും സാമ്പത്തിക സഹായവും ലഭിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷനായ യോഗത്തിൽ ജിയോജിറ്റിന്റെ സിടിഒ, ഡോ. ജോജി പി. ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു. സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ സ്വാഗതം ആശംസിച്ചു.
ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൽ നിന്ന് 75,000 രൂപയുടെ ചെക്ക് വൈസ് ചാൻസലർ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ഇതോടൊപ്പം സീനിയർ അഡ്വഞ്ചേഴ്സ് എൽ.എൽ.പി.യുമായി ധാരണാപത്രം (MoU) ഒപ്പുവെച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കമ്പനിയിലൂടെ കുസാറ്റ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള മൊബൈൽ ആപ്പ് വികസിപ്പിക്കും. ഇതിനായി സർവകലാശാലയ്ക്ക് ഇതിനോടകം 6 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്.
2025-ലെ EWYL പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികളുടെ പട്ടിക ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് ഔദ്യോഗികമായി കൈമാറി. കൂടാതെ, കേരള വാട്ടർ അതോറിറ്റിയുമായി ചേർന്ന് വിദ്യാർത്ഥികൾ ഭൂഗർഭ പൈപ്പുകൾ കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ ലഭിക്കും.
പദ്ധതി വഴി പഠനത്തോടൊപ്പം തൊഴിൽ പരിചയം നേടാനുള്ള അവസരം ലഭിക്കുന്നതിനാൽ നിരവധി കമ്പനികൾ ഇതിനോടകം തന്നെ ഈ പദ്ധതിയുടെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് സിൻഡിക്കേറ്റ് അംഗവും EOC കോഓർഡിനേറ്ററുമായ ഡോ. ശശി ഗോപാലൻ അറിയിച്ചു.
യോഗത്തിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ.യു., ഫിനാൻസ് ഓഫീസർ ശ്രീ. ഗിരീഷ് കുമാർ, ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസിലെ ജോജി പി. ജോയ്, ഉപദേശക സമിതി അംഗങ്ങൾ, അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ ഡോ. മീരാ പ്രഥാപൻ, ഡോ. ബീന ജോൺ എന്നിവരും വിദ്യാർത്ഥികളും പങ്കെടുത്തു.
Photo Courtesy - Google








