
ദോഹ: ഖത്തർ ചേംബറിന്റെ ഹെൽത്ത് കമ്മിറ്റി ഈ വർഷത്തെ ആദ്യ യോഗം ചേർന്നു.
ബോർഡ് അംഗവും കമ്മിറ്റി ചെയർപേഴ്സണുമായ ഇബ്തിഹാജ് മുഹമ്മദ് അൽ അഹ്മദാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
യോഗത്തിൽ സ്വകാര്യ ആരോഗ്യ മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും തടസ്സങ്ങളും വിശദമായി ചർച്ച ചെയ്തു. മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പരിഹാര നിർദേശങ്ങൾ, ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്താനുള്ള മാർഗങ്ങൾ എന്നിവയും യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു.
ആരോഗ്യ മേഖലയിലെ ഡമ്പിംഗ് പ്രവണതകൾ തടയൽ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ തമ്മിലുള്ള കൂടുതൽ ഏകോപനം പ്രോത്സാഹിപ്പിക്കൽ എന്നിവയെയും കുറിച്ച് ചർച്ചകൾ നടന്നു. മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും അനിവാര്യമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സംയുക്ത ശ്രമങ്ങൾ ആവശ്യമാണെന്ന് യോഗം വിലയിരുത്തി











