01:45am 28 June 2026
NEWS
സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ സഹകരണമന്ത്രിയുടെ മുൻ‌കൂർ നീക്കം
15/02/2025  11:49 AM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ സഹകരണമന്ത്രിയുടെ മുൻ‌കൂർ നീക്കം

കർണാടക : കർണാടകത്തിലെ കോൺഗ്രസ്സിനകത്ത് രണ്ട്‌ പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട ചരടുവലികളാണ് തകൃതിയായി നടക്കുന്നത്.ഒന്ന്: സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയിൽനിന്ന് മാറ്റപ്പെടരുത്. രണ്ട്: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒരുകാരണവശാലും മുഖ്യമന്ത്രിക്കസേരയിൽ എത്തരുത്. മുതിർന്ന നേതാക്കളെല്ലാം സിദ്ധരാമയ്യയുടെ പക്ഷത്തും ഏതാനും യുവനേതാക്കൾ ശിവകുമാറിന്റെ കൂടെയും അണിനിരന്നാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. 'അഹിന്ദ' നേതാക്കളാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണമെന്ന് ശഠിക്കുന്നതും അതിനായി കാര്യങ്ങൾ ഭദ്രമാക്കുന്നതും. അഥവാ മുഡ കേസ്സിന്റെ പേരിൽ സിദ്ധരാമയ്യ രാജിവെക്കേണ്ടിവന്നാൽ ഒരു കാരണവശാലും ശിവകുമാർ മുഖ്യമന്ത്രിയാകരുതെന്നാണ് അഹിന്ദ നേതാക്കൾ ഉറപ്പാക്കുന്നത്. സതീഷ് ജാർക്കിഹോളി, ഡോക്ടർ ജി പരമേശ്വര, കെ എൻ രാജണ്ണ എന്നീ മുതിർന്ന മന്ത്രിമാരാണ് സിദ്ധരാമയ്യയ്ക്കുവേണ്ടി അഹിന്ദയെ നയിക്കുന്നത്. ഭൂരിപക്ഷം എം എൽ എമാരും ഇവരുടെ പക്ഷത്തായതിനാൽ ഈ സമുന്നത നേതാക്കളെ ഒഴിവാക്കിക്കൊണ്ട് ഒരു തീരുമാനം കൈക്കൊള്ളാൻ ഹൈക്കമാണ്ടിന് കഴിയുകയില്ല. കരുത്തനായ ഡി കെയെ അസ്വസ്ഥനാക്കുന്നതും ഈ രാഷ്ട്രീയ യഥാർഥ്യമാണ്. രാജണ്ണ ഇന്നലെ ഡൽഹിയിലെത്തി എ ഐ സിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ സന്ദർശിച്ചിരുന്നു. പാർട്ടി നയത്തിന് വിരുദ്ധമായി ശിവകുമാർ പിസിസി അധ്യക്ഷ പദവിയിൽ തുടരുന്ന കാര്യത്തിൽ ഹൈക്കമാണ്ട് നിലപാട് വ്യക്തമാക്കണമെന്നാണ് രാജണ്ണ ഖാർഗെയോട് ആവശ്യപ്പെട്ടത്. " ഉപമുഖ്യമന്ത്രി തന്നെ പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്നാണ് ഹൈക്കമാണ്ട് നിലപാടെങ്കിൽ അത് അംഗീകരിക്കാം. അതല്ല അദ്ദേഹത്തെ മാറ്റും എന്നാണെങ്കിൽ നല്ലത്. പിസിസി അധ്യക്ഷനാകാൻ എനിക്കും ആഗ്രഹമുണ്ട്. മന്ത്രിസ്ഥാനം രാജിവെച്ച് ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്" രാജണ്ണ വ്യക്തമാക്കി. "പിന്നോക്ക വിഭാഗക്കാരുടെ ഒരു വിപുലമായ റാലി സംഘടിപ്പിക്കുന്നുണ്ട്. അക്കാര്യം ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ശിവകുമാറിനോട് പറഞ്ഞിട്ടില്ല. അദ്ദേഹവും പങ്കെടുക്കുമെന്ന് കരുതുന്നു" സഹകരണമന്ത്രി വെളിപ്പെടുത്തി. കെ പി സിസി അധ്യക്ഷന്റെ അനുമതിയില്ലാതെ, മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് അഹിന്ദ നേതാക്കൾ പിന്നോക്ക വിഭാഗറാലി നടത്തുന്നത്. ശിവകുമാറിനെ ദുർബ്ബലപ്പെടുത്തുന്നതോടൊപ്പം സിദ്ധരാമയ്യയെ മുഖ്യമന്ത്രിപദവിയിൽ ഉറപ്പിച്ചുനിർത്തുകയാണ് അഹിന്ദ നേതാക്കളുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img