07:53am 13 November 2026
NEWS
പാചകവാതക ക്ഷാമം: ബേക്കറികൾ അടച്ചിടെണ്ടി വരുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള.
11/03/2026  04:20 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പാചകവാതക ക്ഷാമം: ബേക്കറികൾ അടച്ചിടെണ്ടി വരുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള

 

കൊച്ചി: സംസ്‌ഥാനത്തെ ചെറുകിട ബേക്കറികൾ, പ്രൊഡക്ഷൻ യൂണിറ്റുകൾ, പാക്കേജ് ഫുഡ് നിർമ്മാണ സ്ഥാപനങ്ങൾ എന്നിവ പാചകവാതകം ഇന്ധനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും  പാചകവാതകം ലഭ്യമാകാതെ വന്നാൽ ചെറുകിട ബേക്കറികൾ അടക്കം അടച്ചു പൂട്ടേണ്ടി വരുമെന്നും ബേക്കേഴ്‌സ് അസോസിയേഷൻ കേരള. പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടുന്ന സ്‌ഥിതിയുണ്ടാകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. 

യാത്രക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ദിനംപ്രതി ആശ്രയിക്കുന്ന ചെറുകിട ബേക്കറി സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാചകവാതക സിലിണ്ടറുകളുടെ കുറവ് മൂലം ഉൽപ്പാദനം കുറയ്ക്കേണ്ടി വരുന്നു. ചില സ്ഥാപനങ്ങൾ താൽക്കാലികമായി പ്രവർത്തനം നിർത്തേണ്ട സാഹചര്യം പോലും ഉണ്ടായി. 

സംസ്ഥാന സർക്കാർ, എണ്ണകമ്പനികൾ  എന്നിവർ  അടിയന്തരമായി ഇടപെട്ട് ഭക്ഷ്യ ഉൽപ്പാദന മേഖലയ്ക്ക് ആവശ്യമായ പാചകവാതക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ  റേഷനിങ് സംവിധാനം നടപ്പിലാക്കി  ബേക്കറികൾക്കും ഭക്ഷ്യ ഉൽപ്പാദന യൂണിറ്റുകൾക്കും മുൻഗണന അടിസ്ഥാനത്തിൽ പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കണം.

ഭക്ഷ്യ ഉൽപ്പാദന മേഖലയെ ഒരു അനിവാര്യ സേവന മേഖലയായി പരിഗണിച്ച്, ഇന്ധന വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരളയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ്   കിരൺ എസ് പാലക്കൽ, ജനറൽ സെക്രട്ടറി  ബിജു പ്രേംശങ്കർ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img