10:53am 01 May 2026
NEWS
പാചകവാതക വില കുത്തനെ കൂട്ടി; ബുക്കിംഗിനും നിയന്ത്രണം
01/05/2026  09:38 AM IST
nila
പാചകവാതക വില കുത്തനെ കൂട്ടി; ബുക്കിംഗിനും നിയന്ത്രണം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും അതിനെത്തുടർന്നുള്ള ആഗോള ഊർജ പ്രതിസന്ധിയും രാജ്യത്തെ ഇന്ധന വിപണിയിൽ വലിയ തിരിച്ചടിയാകുന്നു. ഇതിന്റെ ഭാഗമായി വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.

ഇന്നു മുതൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പുതിയ വാണിജ്യ സിലിണ്ടർ വിലകൾ:

കൊച്ചി– 3085 രൂപ
തിരുവനന്തപുരം – 3106 രൂപ
കോഴിക്കോട് – 3117.50 രൂപ

ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില 2,078.50 രൂപയിൽ നിന്ന് 3,071.50 രൂപയായി ഉയർന്നു. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം 1,444 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഹോട്ടൽ മേഖല, ഭക്ഷണ വിതരണ സേവനങ്ങൾ, ഹോം ഡെലിവറി മേഖലകൾ എന്നിവയ്ക്ക് അധിക ചെലവ് ഭാരം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും മെയ് 1 മുതൽ ബുക്കിംഗിൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. 

നഗരപ്രദേശങ്ങളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്തത് ബുക്ക് ചെയ്യാൻ സാധിക്കൂ (നേരത്തെ ഇത് 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളിൽ ഈ ഇടവേള 45 ദിവസമാണ്. സിലിണ്ടർ വിതരണത്തിന് ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) നിർബന്ധമാക്കി. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈലിൽ ലഭിക്കുന്ന OTP നൽകിയാൽ മാത്രമേ സിലിണ്ടർ ലഭിക്കൂ. പഴയ രീതിയിലുള്ള രസീതോ ബ്ലൂ ബുക്കോ മാത്രം കാണിച്ചാൽ ഇനി സിലിണ്ടർ ലഭിക്കില്ല. 

ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ധന കമ്പനികൾ നേരിടുന്ന കനത്ത നഷ്ടം നികത്താൻ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയേക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് (ദിവസം 16 ലക്ഷം ബാരൽ). എങ്കിലും യുദ്ധം സൃഷ്ടിച്ച വിപണിയിലെ അസ്ഥിരത രാജ്യത്തെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img