
തിരുവനന്തപുരം: മാസത്തിന്റെ തുടക്കത്തിൽ തന്നെ വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ് വർധന. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
വില വർധിച്ചതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2,828 രൂപയായി. കോഴിക്കോട്ട് 2,860.50 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതിയ വില. ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളെയാണ് വിലവർധന പ്രധാനമായും ബാധിക്കുക.
അന്താരാഷ്ട്ര ക്രൂഡോയിൽ വിലയിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി എൽപിജി വില പരിഷ്കരിക്കുന്നത്. നിലവിൽ ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളറിലാണ് തുടരുന്നത്.
അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.50 രൂപയുമാണ് നിലവിലെ വില.
രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് എൽപിജി വിതരണത്തിൽ സിലിണ്ടറിന് ഏകദേശം 300 രൂപയുടെ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. വിലവർധനയ്ക്കു പിന്നിൽ അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന ക്രൂഡോയിൽ വിലയും പ്രധാന ഘടകമാണ്.










