05:02pm 18 August 2026
NEWS
കുസാറ്റ് കെമിക്കൽ ഓഷ്യാനോഗ്രാഫി വകുപ്പിൽ ബിരുദദാന ചടങ്ങ്; എം.ജി. രാജമാണിക്യത്തിന് Ph.D. ബിരുദം
18/08/2026  02:50 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് കെമിക്കൽ ഓഷ്യാനോഗ്രാഫി വകുപ്പിൽ ബിരുദദാന ചടങ്ങ്; എം.ജി. രാജമാണിക്യത്തിന് Ph.D. ബിരുദം


 
കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (KSEBL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം IAS-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് Ph.D. ബിരുദം ലഭിച്ചു. കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസിലെ കെമിക്കൽ ഓഷ്യാനോഗ്രാഫി വകുപ്പിൽ നടന്ന 2026-ലെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹത്തിന് Ph.D. ബിരുദം ഔദ്യോഗികമായി വിതരണം ചെയ്തത്.
 
കേരളത്തിലെ ഭൂഗർഭജല സുരക്ഷയെ സമഗ്രമായി വിലയിരുത്തുന്ന പഠനത്തിനാണ് എം.ജി. രാജമാണിക്യം Ph.D. നേടിയത്. എറണാകുളം ജില്ലയിലെ മഴ–ഭൂഗർഭജല ബന്ധം, ജലരസതന്ത്രം, GIS വിശകലനം എന്നിവയുടെ അടിസ്ഥാനത്തിൽ ഭൂഗർഭജലത്തിന്റെ ഗുണനിലവാരവും ഉപയോഗയോഗ്യതയും പഠനം വിലയിരുത്തുന്നു. ആലുവയിലെ കീഴ്മാട് മേഖലയിലെ പെർക്ലോറേറ്റ് മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന മലിനീകരണ ഘടകങ്ങൾ ഉൾപ്പെടുത്തി നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നു.
 
ശാസ്ത്രീയ വിവരങ്ങൾ, സുതാര്യമായ ഡാറ്റാ സംവിധാനങ്ങൾ, വിവിധ ഏജൻസികളുടെ ഏകോപനം, ജനപങ്കാളിത്തം എന്നിവയിലൂടെ കേരളത്തിൽ സുസ്ഥിരവും സുരക്ഷിതവുമായ ജലഭരണ സംവിധാനം ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളും ഗവേഷണം മുന്നോട്ടുവയ്ക്കുന്നു.
 
സ്കൂൾ ഓഫ് മറൈൻ സയൻസസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. എ. യു. അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദങ്ങൾ വിതരണം ചെയ്തു. M.Sc. വിദ്യാർത്ഥികൾക്കും Ph.D. ഗവേഷകർക്കുമാണ് ബിരുദങ്ങൾ വിതരണം ചെയ്തത്.
 
വകുപ്പ് മേധാവി ഡോ. ഹബീബ് റഹ്മാൻ കെ., മുൻ പ്രൊഫസർ പ്രൊഫ. ഡോ. ജേക്കബ് ചാക്കോ, ശ്രീമതി ഷിറിൻ ഷബാന എം. കെ., ഡോ. രമ്യ ടി. എം.  എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img