09:57am 02 October 2026
NEWS
യുഡിഎഫിൽ പൊട്ടിത്തെറി? സതീശനെതിരെ കൺവീനർ അടൂർ പ്രകാശിന്റെ തുറന്നടിക്കൽ; ‘പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ’
02/10/2026  08:45 AM IST
nila
യുഡിഎഫിൽ പൊട്ടിത്തെറി? സതീശനെതിരെ കൺവീനർ അടൂർ പ്രകാശിന്റെ തുറന്നടിക്കൽ; ‘പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ’

 

തിരുവനന്തപുരം: അധികാരത്തിലെത്തി നാലുമാസം പിന്നിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുന്നണി കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളിലും സുപ്രധാന തീരുമാനങ്ങളിലും പാർട്ടിയിലും മുന്നണിയിലും ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനമാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സംഘടിത നീക്കമാണ് അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും, കോൺഗ്രസിനുള്ളിലെ ചില വിഭാഗങ്ങൾ സംഭവവികാസങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ബിജെപിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ് തെരുവിൽ പ്രതിഷേധം നടത്തുന്ന അതേ ദിവസം കെപിസിസി ഓഫീസിൽ അടൂർ പ്രകാശ് പത്രസമ്മേളനം നടത്തിയതും ശ്രദ്ധേയമായി.

പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം ശക്തമാക്കാൻ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യം നേരത്തെ തന്നെ കെപിസിസി നേതൃയോഗത്തിൽ ഉയർന്നിരുന്നു. സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിലുണ്ട്. എന്നാൽ, ഇത് ഹൈക്കമാൻഡിന്റെ പരിധിയിലുള്ള വിഷയമായതിനാൽ ഇതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നതിന് പരിമിതികളുണ്ട്.

നയപരമായ തീരുമാനങ്ങൾ മുന്നണിയുടെ അംഗീകാരത്തോടെയായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും, അത്തരം കൂടിയാലോചനകൾ നടക്കുന്നില്ലെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായി മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറിനെയും ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയായി ജി. ദേവരാജനെയും നിയമിക്കാനുള്ള തീരുമാനങ്ങൾ കൺവീനറുടെ അതൃപ്തിക്ക് കാരണമായെന്നാണ് സൂചന.

ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകിയ സാഹചര്യത്തിൽ മറ്റൊരു കാബിനറ്റ് പദവി കൂടി അനുവദിക്കുന്നതിൽ കോൺഗ്രസിലെ ചിലർക്കിടയിൽ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. അതേസമയം, ഭരണകാര്യങ്ങളിൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി മുഖ്യമന്ത്രി കൂടിയാലോചിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ സൂചന.

അഡ്വക്കേറ്റ് ജനറലിന്റെ നിയമനം മുതൽ വിവിധ അക്കാദമികളിലെ നിയമനങ്ങൾ വരെ പല വിഷയങ്ങളിലും മുന്നണിയിലും പാർട്ടിയിലും മതിയായ ചർച്ച നടന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഇതുവരെ അണിയറയിൽ നിലനിന്നിരുന്ന ഈ അതൃപ്തികളുടെ പരസ്യപ്രകടനമായാണ് അടൂർ പ്രകാശിന്റെ പ്രതികരണത്തെ ഒരു വിഭാഗം കാണുന്നത്.

ഭരണതലത്തിലെ തീരുമാനങ്ങൾ കൂടുതൽ കൂടിയാലോചനയോടെയാകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അടൂർ പ്രകാശിന്റെ പരസ്യ വിമർശനം. അതേസമയം, വിഷയത്തിൽ കെ.സി. വേണുഗോപാൽ സ്വീകരിച്ച നിലപാടും ശ്രദ്ധേയമായി. അടൂർ പ്രകാശിനെ പരസ്യമായി തള്ളിപ്പറയാതെയും പിന്തുണയ്ക്കാതെയും പാർട്ടിക്കുള്ളിലെ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യണമെന്ന നിലപാടിലൂടെ അദ്ദേഹം വിഷയത്തിൽ അകലം പാലിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img