
മന്നത്ത് പത്മനാഭന്റെ 148 മത് ജയന്തി ആഘോഷങ്ങൾ പതിവുപോലെ നടന്നു. വർഷങ്ങൾക്കുശേഷമുള്ള രമേശ് ചെന്നിത്തലയുടെ സാന്നിധ്യം പലരും വലിയ ചർച്ചാവിഷയമാക്കി മാറ്റി. ഭാവിയിൽ അത് രമേശിന് അനുകൂലമായോ പ്രതികൂലമായോ വരണമെന്ന വാശിയിലാണ് പലരുടെയും സംസാരം. ഒരു കാര്യം വ്യക്തമാണ് രമേശിനെ പോലൊരു ഉന്നതനായ നേതാവിന് ഏതെങ്കിലും ഒരു ജാതിമത വർഗീയ ശക്തികളുടെ പിന്തുണ കൊണ്ട് മാത്രം മുഖ്യമന്ത്രിയാകാൻ കഴിയുകയില്ല. മറിച്ച് ജനങ്ങൾ അത് തീരുമാനിക്കണം. ജനങ്ങൾക്ക് രമേശനോട് ഇഷ്ടമാണ്. അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ മാന്യമായ ഇടപെടലും സംസാരവും തന്നെയാണ്. അഹങ്കാരത്തിന്റെ അംശം അല്പം പോലും തീണ്ടിയിട്ടില്ലാത്ത അപൂർവ്വം നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല.ഞാനിവിടെപറയാൻ ഉദ്ദേശിച്ചത് മറ്റൊരു കാര്യമാണ്.
എല്ലാവർഷവും മന്നം ജയന്തി ആഘോഷം നടക്കുമ്പോൾ സദസ്സിന്റെ മുൻനിരയിൽ കുറെയേറെ ഖദർ ധാരികൾ നിരന്ന് ഇരിക്കുന്നത് കാണാം. ഇവർക്ക് വേറെ ഒരു ജോലിയും ഇല്ലാത്തതുകൊണ്ട് അല്ലേ ഇവർ അവിടെ പോയിരിക്കുന്നത് എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. പൂച്ചയ്ക്ക് പൊന്ന് ഉരുക്കുന്നിടത്ത് എന്താണ് കാര്യം ?ഇങ്ങനെ ഇരിക്കുന്നവർ തങ്ങളുടെ പാർട്ടിയുടെ ഏതെങ്കിലും സമ്മേളനത്തിൽ ഇത്ര അച്ചടക്കത്തോടെ മണിക്കൂറുകളോളം ശാന്തമായിരുന്നിട്ടുണ്ടോ. ചിലരൊക്കെ അവിടെ ഇരിക്കുന്നെന്നേയുള്ളൂ,മനസ്സ് വേറെ എവിടെയോ ആണ്. ചിലർചുമ്മാ ചിരിച്ചു കൊണ്ടിരിക്കു കയാണ്.(ഇത്തവണ ഒരു എംപി ഇരുന്നു ഉറങ്ങുന്നതും കണ്ടു.) എന്തൊരു ഗതികേടാണ്.
ഏതാനും വോട്ടിനും സീറ്റിനും വേണ്ടി ഇങ്ങനെ തരം താഴമോ? ' ഇതിനെക്കുറിച്ച് ഒന്നും ആർക്കും ഒരു മിണ്ടാട്ടമില്ല.ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാകരുത്' എന്നൊക്കെ വലിയ വായിൽ വർത്തമാനം പറഞ്ഞിട്ടുള്ളവർ പോലും,കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ പറഞ്ഞ വാക്കു മറന്നു വർഗീയതയെ വാരിപ്പുണരുന്നത് കണ്ടിട്ടുണ്ട്. അതേക്കുറിച്ചൊന്നും ആരും ഒന്നും മിണ്ടിയില്ല. ഇപ്പോൾ രമേശ് എൻഎസ്എസ് സമ്മേളനത്തിൽ പോയതാണ് വലിയ അപരാധം. കഷ്ടം.











