
കൊല്ലത്തെ ഇടത് മുന്നണിയിൽ വൻ പ്രതിസന്ധി. കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം സ്ഥാനങ്ങൾ സി.പി.ഐ അംഗങ്ങൾ രാജിവെച്ചു. മുൻ ധാരണ പ്രകാരം മേയർ സ്ഥാനം തങ്ങൾക്ക് വിട്ടുനൽകാത്തതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇടത് മുന്നണി ധാരണപ്രകാരം അവസാന ഒരു വർഷം മേയർ പദവി സിപിഐക്കാണ്. എന്നാൽ, സി.പി.എം അംഗം പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാൻ തയ്യാറാകാതെ വന്നതോടെ ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ സ്റ്റാൻറിംങ് കമ്മറ്റി ചെയർമാൻ സബിത ദേവി, പൊതുമരാമത്ത് സജീവ് സോമൻ എന്നിവർ സ്ഥാനങ്ങൾ രാജിവെക്കുകയായിരുന്നു.
പാർട്ടി തീരുമാന പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്ന് കൊല്ലം മധു പറഞ്ഞു. മുൻ ധാരണ പ്രകാരം മേയർ പ്രസന്ന ഏണസ്റ്റ് ഡിസംബർ 25 ന് സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. എന്നാൽ മേയർ സ്ഥാനം രാജിവെക്കാൻ പ്രസന്ന ഏണസ്റ്റ് തയ്യാറായില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ സി.പി.ഐ ഉപേക്ഷിച്ചത്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ഏഴ് സി.പി.ഐ കൗൺസിലർമാരും എത്തിയിരുന്നു.











