
കൽപറ്റ: പനമരം പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച് സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻറാക്കിയെന്നായിരുന്നു സിപിഎം നേതാവിന്റെ വിവാദ പരാമർശം. അടുത്ത തെരഞ്ഞെടുപ്പിൽ ഇതിന് ലീഗുകാർ മറുപടി പറയേണ്ടി വരുമെന്നും എ എൻ പ്രഭാകരൻ പറഞ്ഞു. സംഭവം പാർട്ടിക്കുള്ളിലും പുറത്തും വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. സിപിഎമ്മിന്റെ ആദിവാസി വിരുദ്ധതയാണ് പ്രഭാകരന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നത് എന്ന വിമർശനമാണ് ഉയരുന്നത്.
എ എൻ പ്രഭാകരന്റെ വിവാദ പ്രസംഗം ഇങ്ങനെ:
' പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻറാക്കി.പ്രസിഡൻറ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി.ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു.ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റ്.അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരുമെന്നും എ എൻ പ്രഭാകരൻ പറഞ്ഞു.
പനമരത്ത് യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിലൂടെയാണ് എൽഡിഎഫ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ പുറത്തായത്. യുഡിഎഫിൽ പ്രസിഡൻറ് സ്ഥാനാർത്ഥിയായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകൾ ചർച്ചയിൽ ഉണ്ടായിരുന്നു. യുഡിഎഫിലെ ഭിന്നതയെ തുടർന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.പാണക്കാട് സാദിഖ് അലി തങ്ങൾ ഇടപട്ടാണ് ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡൻറ് സ്ഥാനാർഥിയായി തീരുമാനിച്ചത്










