
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിതനായ അഡ്വ. കെ ബി പ്രദീപ് രാജിവെച്ചു. നിയമനത്തെ ചൊല്ലി ശക്തമായ വിവാദം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ രാജിവെക്കാൻ നിർദേശിച്ചതായാണ് വിവരം. ഇതിനെ തുടർന്നാണ് പ്രദീപ് സ്ഥാനമൊഴിഞ്ഞത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിച്ച സർക്കാർ തീരുമാനം വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലവും കേസുമായുള്ള ബന്ധവും അവഗണിച്ചാണ് നിയമനമെന്ന ആരോപണവും ഉയർന്നു.
അതേസമയം, നിയമനം മുഖ്യമന്ത്രിയുടെ വിവേചനാധികാര പ്രകാരമാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. വിഷയത്തിൽ താൻ ഇടപെടില്ലെന്ന് നേരത്തേ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നിയമനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും നിർണായക രേഖകളും പ്രതിഭാഗത്തിന് ചോർന്നുപോകാൻ സാധ്യതയുണ്ടെന്നാണ് എസ്ഐടി വിലയിരുത്തിയത്. ഈ ആശങ്ക ശബരിമല സ്‌പെഷ്യൽ കമ്മീഷണറെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മുമ്പ് ദേവസ്വം വകുപ്പിൽ സീനിയർ ഗവൺമെന്റ് പ്ലീഡറുടെ തസ്തിക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രത്യേക സർക്കാർ പ്ലീഡർ എന്ന പുതിയ പദവി സൃഷ്ടിച്ചാണ് കെ ബി പ്രദീപിനെ നിയമിച്ചത്. ഇതും വിവാദത്തിന് ആക്കം കൂട്ടി.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായിരുന്നത് കെ ബി പ്രദീപായിരുന്നു. തുടർന്ന് കേസ് അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിച്ചതോടെ സ്മാർട്ട് ക്രിയേഷൻസിനെയും അവരുടെ അഭിഭാഷകനെയും നടപടികളിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അന്വേഷണ രേഖകൾ പ്രതിഭാഗത്തിന് ലഭിക്കാതിരിക്കാനായിരുന്നു ഈ നടപടി.
ഈ സാഹചര്യത്തിൽ, നേരത്തെ അന്വേഷണ രേഖകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരുന്ന അഭിഭാഷകനെ തന്നെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിച്ചതാണ് താൽപര്യ വൈരുദ്ധ്യമുണ്ടാക്കുന്നതെന്ന വിമർശനത്തിന് ഇടയാക്കിയത്. നിയമനം നിലനിന്നാൽ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിന് തടസമില്ലാതാകുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.
വിവാദം ശക്തമായതോടെ ഒടുവിൽ കെ ബി പ്രദീപ് രാജിവെച്ചതോടെ വിഷയത്തിൽ താൽക്കാലിക വിരാമമായിരിക്കുകയാണ്.











