12:49pm 30 April 2026
NEWS
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ: എസ് ഐ ടി ഈയാഴ്ച റിപ്പോർട്ട് സമർപ്പിക്കും
25/10/2025  11:18 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ: എസ് ഐ ടി ഈയാഴ്ച റിപ്പോർട്ട് സമർപ്പിക്കും

 ഭക്തജനങ്ങൾക്കിടയിൽ മാത്രമല്ല, പൊതുസമൂഹത്തിൽ തന്നെ ഭീതിയും പരിഭ്രാന്തിയും സൃഷ്‌ടിച്ച സംഭവമാണ് ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ. ബലാൽസംഗത്തിന് ഇരകളായി കൊല്ലപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നായിരുന്നു ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. തികച്ചും നാടകീയമായിട്ടായിരുന്നു പതിമൂന്ന് വർഷത്തിന് ശേഷമുള്ള അയാളുടെ രംഗപ്രവേശം. ഒരു തലയോട്ടിയുമായി അയാൾ ധർമ്മസ്ഥല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ബെൽത്തങ്ങടി കോടതിയിൽ രഹസ്യമൊഴി നൽകി സാക്ഷി സുരക്ഷാ ആനുകൂല്യം നേടിയശേഷം പ്രത്യേക വേഷവും മുഖംമൂടിയും ധരിച്ചായിരുന്നു വെളിപ്പെടുത്തൽ. അനേകായിരം ഭക്തജനങ്ങളെ ആകർഷിക്കുന്ന കർണാടകത്തിലെ സുപ്രധാന ആരാധനാലയമാണ് ധർമ്മസ്ഥല ക്ഷേത്രം. ആ വെളിപ്പെടുത്തൽ രാജ്യത്തൊട്ടാകെ നടുക്കമുണ്ടാക്കി. സമഗ്രമായ അന്വേഷണം വേണമെന്ന്  സുപ്രീംകോടതിയിലെ മുൻ ജഡ്ജി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല എസ് ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വെളിപ്പെടുത്തലുകാരൻ ചൂണ്ടിക്കാട്ടിയ പതിനേഴിടങ്ങളിൽ എസ് ഐ ടി കുഴിച്ചുപരിശോധിച്ചു. ഭയപ്പെട്ടതുപോലുള്ള മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടുകിട്ടിയില്ല. കണ്ടെടുത്ത ചില മൃതദേഹാവശിഷ്ടങ്ങൾ മാത്രമല്ല, സ്ത്രീയുടേതാണെന്ന് പറഞ്ഞ് അയാൾ കൈമാറിയ തലയോട്ടിയും പുരുഷന്മാരുടേതാണെന്ന് ഫോറൻസിക് പരിശോധനത്തിൽ തെളിഞ്ഞു. കണ്ടുകിട്ടിയവയാകട്ടെ പോലീസും പഞ്ചായത്ത് അധികൃതരും നിയമപ്രകാരം മറവുചെയ്തവയായിരുന്നു. മന്ധ്യ സ്വദേശി ചിന്നയ്യയാണ് വെളിപ്പെടുത്തൽ നടത്തിയ ആൾ എന്ന വിവരം പിന്നീട് പുറത്തുവന്നു. താൻ വെളിപ്പെടുത്തിയതൊക്കെ അസത്യമാണെന്നും ചിലരുടെ പ്രേരണയാലാണ് അങ്ങനെ ചെയ്തതെന്നും ചിന്നയ്യ സമ്മതിച്ചു. പ്രതിയാക്കി കേസ്സെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ വൻ ഗൂഡലോചനയുടെ രഹസ്യങ്ങൾ ചിന്നയ്യയിൽ നിന്ന് പുറത്തുവന്നു. അയാൾ ഇപ്പോൾ ശിവമോഗ ജയിലിലാണ് ഉള്ളത്. ഗൂഡാലോചനയെപറ്റിയാണ് എസ് ഐ ടി തുടർന്ന് അന്വേഷിച്ചത്.അന്തിമ റിപ്പോർട്ട് എസ് ഐ ടി ഈയാഴ്ച ആഭ്യന്തര വകുപ്പിനും തുടർന്ന് കോടതിയിലും സമർപ്പിക്കും. ഗൂഢാലോചനയിൽ പങ്കാളികളായവർ ആരൊക്കെ, അവരുടെ താല്പര്യം എന്തായിരുന്നു എന്നൊക്കെ റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതോടൊപ്പം ചില അറസ്റ്റുകളും ഉണ്ടായേക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img