08:53pm 09 August 2026
NEWS
വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന
09/08/2026  06:04 PM IST
nila
വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന

 

കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് പരിശോധന. തിരുവനന്തപുരത്തെ സൈബർ സെൽ സംഘമാണ് വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനും മോഹൻദാസിനെ ചോദ്യംചെയ്യുന്നതിനുമാണ് പൊലീസ് എത്തിയതെന്നാണ് വിവരം. ഇയാളെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയും യുവതികൾക്കെതിരെയുമാണ് മോഹൻദാസ് സമൂഹമാധ്യമങ്ങളിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയത്. ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷം പ്രതിഷേധിക്കുന്നവർക്കെതിരെ വെടിവയ്ക്കണമെന്ന തരത്തിലുള്ള പരാമർശവും ഇതിൽ ഉൾപ്പെടുന്നു.

സംഭവത്തിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പത്ത് ദിവസം മുൻപാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.

പ്രതിഷേധക്കാരെ വെടിവയ്ക്കണമെന്നും ഇതിന്റെ ഭാഗമായി ആളുകൾക്ക് പരുക്കേൽക്കുകയും ചിലർ മരിക്കുകയും ചെയ്യുമെന്നുമുള്ള പരാമർശങ്ങളാണ് ഒരു സമൂഹമാധ്യമ വീഡിയോയിൽ മോഹൻദാസ് നടത്തിയത്. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയും പെൺകുട്ടികളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും മറ്റൊരു വീഡിയോയിൽ നടത്തിയിരുന്നു.

വിവാദ പരാമർശങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും മോഹൻദാസിനെതിരെ തുടർനടപടികൾ വൈകുന്നതിൽ നേരത്തെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img