10:31am 24 August 2026
NEWS
ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ വിവാദ ആൾദൈവത്തിന് ബിജെപി,എൻസിപി നേതാക്കളുമായി അടുത്തബന്ധം
04/04/2026  08:25 AM IST
nila
ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ വിവാദ ആൾദൈവത്തിന് ബിജെപി,എൻസിപി നേതാക്കളുമായി അടുത്തബന്ധം

മുംബൈ: ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ വിവാദ ആൾദൈവം അശോക് ഖരാത്തിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. നിരവധി ബിജെപി, എൻസിപി നേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി ഖരാത്ത് 17 തവണ ഫോൺ വഴി ബന്ധപ്പെട്ടതായി ആക്ടിവിസ്റ്റ് അഞ്ജലി ധമാനിയ വെളിപ്പെടുത്തി. ഒരു മറാത്തി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ച കോൾ ഡീറ്റെയിൽ റെക്കോർഡുകൾ പ്രകാരം, ഖരാത്തും ഷിൻഡെയും തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ ഫോൺസംഭാഷണം 21 മിനിറ്റ് നീണ്ടുനിന്നതായും അവകാശപ്പെട്ടു. ഇതോടൊപ്പം എൻസിപി നേതാവ്  രുപാലി ചക്കങ്കറുമായി 177 തവണ സംസാരിച്ചതായും, ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ, എന്‍സിപി നേതാവ് സുനില്‍ താക്കറെ എന്നിവരുമായി എട്ടുതവണ വീതവും ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. കൂടാതെ ബിജെപി മന്ത്രി ആശിഷ് ഷെലാറുമായി ഒരുതവണ ഫോൺസംഭാഷണം നടന്നതായും ആരോപണമുണ്ട്.

ഇതിനിടെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാർച്ച് 17-ന് അറസ്റ്റിലായ ഖരാത്തിനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ പുറത്തുവരികയാണ്. 35-കാരിയായ സ്ത്രീയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുമ്പോൾ, മറ്റ് സ്ത്രീകളെയും ഇയാൾ ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. 58 സ്ത്രീകളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഖരാത്ത്, ‘ക്യാപ്റ്റൻ’ എന്ന പേരിൽ പ്രശസ്തനായിരുന്നുവെന്നും ജ്യോതിഷ സേവനത്തിന്റെ മറവിൽ സ്ത്രീകളെ വഞ്ചിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ സ്ത്രീകളെ സമീപിച്ചതെന്ന് പോലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയും മന്ത്രവാദ ഭയം വിതറിയും ഇയാൾ ഇരകളെ നിയന്ത്രിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

അതേസമയം, മറ്റൊരു പീഡനക്കേസിൽ നാസിക് കോടതി ഖരാത്തിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2013-ൽ വിവാഹവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ഒരാൾ പിന്നീട് കുടുംബപ്രശ്നങ്ങൾ പരിഹരിക്കാമെന്ന വ്യാജേന തന്നെ പീഡിപ്പിച്ചുവെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും, എതിർത്താൽ താനും മക്കളും അപകടത്തിലാകും എന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img