09:53pm 27 June 2026
NEWS
കരാറുകാർ സിദ്ധരാമയ്യ ഗവണ്മെന്റുമായി ഇടയുന്നു; ഗവർണ്ണർക്കും കോൺഗ്രസ്സ് ഹൈക്കമാണ്ടിനും പരാതി നൽകാൻ നീക്കം.
05/03/2025  12:22 PM IST
വിഷ്ണുമംഗലം കുമാർ
കരാറുകാർ സിദ്ധരാമയ്യ ഗവണ്മെന്റുമായി ഇടയുന്നു; ഗവർണ്ണർക്കും കോൺഗ്രസ്സ് ഹൈക്കമാണ്ടിനും പരാതി നൽകാൻ നീക്കം

നാല്പത് ശതമാനം കമ്മീഷൻ എന്നുള്ള ഗവണ്മെന്റ് കരാറുകാരുടെ പരാതി മുദ്രാവാക്യമാക്കി പ്രചാരണം നടത്തിയാണ് 2023 -ൽ കോൺഗ്രസ്സ് കർണാടകത്തിൽ അധികാരത്തിൽ വന്നത്. ബിജെപി ഭരണത്തിലിരിക്കെ, കമ്മീഷൻ രാജിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ സിദ്ധരാമയ്യയുടെ ഭരണത്തിൽ കാര്യങ്ങൾ അതിനേക്കാൾ അബദ്ധമാണെന്നും മുന്നോട്ടുപോകാനാകുന്നില്ലെന്നുമാണ് കരാറുകാരുടെ സംഘടന പരാതിപ്പെടുന്നത്. കമ്മീഷൻ നാല്പത് ശതമാനത്തിന്റെ മുകളിലേക്ക് പോയി എന്നുമാത്രമല്ല, ബില്ലുകൾ പാസ്സാക്കാതെ കെട്ടിക്കിടക്കുകയുമാണ്. 32000 കോടിയുടെ ബില്ലുകളാണ് പാസ്സാക്കാതെ തടഞ്ഞുവെച്ചിരിക്കുന്നത്. പല കരാറുകാരും ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒട്ടേറെ നിർമ്മാണ ജോലികൾ മുടങ്ങിക്കിടക്കുന്നു. ഇക്കഴിഞ്ഞ ദിവസം കരാറുകാരുടെ സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചിരുന്നു. 15000 കോടിയുടെ ബില്ലുകളെങ്കിലും ഉടനെ പാസ്സാക്കിത്തരണമെന്ന് അവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. നിവേദനം സമർപ്പിക്കുകയും ചെയ്തു. ഏപ്രിലിൽ ബില്ലുകൾ പാസ്സാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയതായി അസോസിയേഷൻ പ്രസിഡന്റ് ആർ മഞ്ജുനാഥ് പറഞ്ഞു.  "അവർ 15000 കോടിയുടെ ബില്ലുകൾ പാസ്സാക്കണമെന്ന് ആവശ്യപെട്ടിരുന്നു. സാധ്യമായത് ചെയ്യാമെന്നാണ് ഞാൻ അവരോട് പറഞ്ഞത്"  എന്നാൽ ഇതായിരുന്നു ആ വിഷയത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. 52000 കോടിരൂപ സൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റാനായി മാറ്റിവെച്ചതിനാലും മറ്റും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ചരിത്രത്തിൽ ആദ്യമായി കർണാടകം നേരിടുന്നത്. ഭീമമായ തുക കടമെടുത്താണ് കഴിഞ്ഞ വർഷം ഗവണ്മെന്റ് അത്യാവശ്യ ചെലവുകൾ നിർവ്വഹിച്ചത്. കരാറുകാരുടെ ബില്ലുകൾ എന്നിട്ടും മുടങ്ങിക്കിടക്കുന്നു. മറ്റെന്നാൾ (മാർച്ച്‌ 7) ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ പ്രശ്നങ്ങൾക്കൊക്കെ മുഖ്യമന്ത്രി എന്തു പരിഹാരമാണ് നിർദ്ദേശിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രതിപക്ഷം. വ്യാപകമായ കടമെടുപ്പിനെതിരെ പ്രതിപക്ഷം ഇതിനകം തന്നെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.ബില്ലുകൾ ഉടനെ പാസാക്കുകയും കമ്മീഷൻരാജ് നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ ഗവർണ്ണർക്കും കോൺഗ്രസ് ഹൈക്കമാണ്ടിനും പരാതി നൽകുമെന്ന് കരാറുകാർ പറഞ്ഞു
കോൺഗ്രസ്സിനെ അധികാരത്തിലെത്താൻ സഹായിച്ച ഒരു പ്രബലവിഭാഗം കൂടി സിദ്ധരാമയ്യയ്ക്ക് എതിരാകുന്ന കാഴ്ചയാണ് കർണാടകത്തിൽ കാണാൻ കഴിയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img