
കർണാടകം: ബിദാറിലെ കരാറുകാരനായ സചിൻ പഞ്ചലിന്റെ ആത്മഹത്യ വൻ വിവാദത്തിന് വഴി തെളിച്ചിരിക്കുന്നു. സചിന്റെ ആത്മഹത്യാക്കുറിപ്പിൽ മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത സഹായിയായ രാജ് കപനൂരിന്റെ പേരുണ്ട്. അയാൾ കാരണമാണ് താൻ ജീവനൊടുക്കുന്നതെന്ന് സചിൻ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ഒരു കരാർ നൽകുന്നതിന് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും അത് നൽകാനായി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ ആരോപിക്കുന്നുണ്ട്. ഈ മാസം 26 ന് തീവണ്ടിയ്ക്ക് തല വെച്ചാണ് സചിൻ ജീവനൊടുക്കിയത്. മന്ത്രിക്ക് വേണ്ടിയാണ് സഹായി കൈക്കൂലി ആവശ്യപ്പെട്ടതെന്നും അദ്ദേഹത്തെ ഉടൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി ആരോപിച്ചു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഗ്രാമവികസനം, പഞ്ചായത്ത് രാജ്, ഐ ടി എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പ്രിയങ്ക് ഖാർഗെ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനാണ്. കലബുറഗി മേഖലയിൽ പ്രിയങ്ക് ഖാർഗെയുടെ വിളയാട്ടമാണ് നടക്കുന്നതെന്നും പോലീസ് അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിജെപി നേതാക്കളായ ആർ അശോകും വിജയേന്ദ്രയും കുറ്റപ്പെടുത്തി. ജനവരി മൂന്നിന് മുമ്പ് തീരുമാനമുണ്ടാകുന്നില്ലെങ്കിൽ പ്രിയങ്ക് ഖാർഗെയുടെ വസതിയ്ക്ക് മുമ്പിൽ ധർണ നടത്തുമെന്ന് പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പ് നൽകി. ബിദാർ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഈശ്വർ ഖന്ദ്രെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനായി ആത്മഹത്യ ചെയ്ത സചിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ സ്വീകരിക്കാൻ ബന്ധുക്കൾ കൂട്ടാക്കിയില്ല. ജീവനൊടുക്കുന്നതിന് മുമ്പ് തന്നെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ സചിൻ പോലീസിൽ പരാതി നൽകിയിരുന്നു. അതിന്മേലോ പിന്നീട് ബന്ധുക്കൾ നൽകിയ പരാതിയിന്മേലോ പോലീസ് നടപടി എടുത്തിരുന്നില്ല. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ബന്ധുക്കൾ മന്ത്രി ഖന്ദ്രെയോട് ആവശ്യപ്പെട്ടു.ആത്മഹത്യയുമായി മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് ബന്ധമില്ലെന്നും ബിജെപി രാഷ്ട്രീയലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കുകയാണെന്നും ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര വ്യക്തമാക്കി. യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനായി കേസ് സി ഐ ഡിയ്ക്ക് വിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ബിജെപി നേതാക്കളെയും സന്യാസിമാരെയും വധിക്കാൻ മന്ത്രിയുടെ സഹായി മഹാരാഷ്ട്രയിലെ ക്വട്ടേഷൻ സംഘങ്ങൾക്ക് സുപാരി നൽകിയിട്ടുണ്ടെന്ന പരാമർശവും ആത്മഹത്യാ കുറിപ്പിലുണ്ടെന്നും സ്ഥിതിഗതികൾ ഗുരുതരമാണെന്നും ബിജെപി നേതാക്കൾ വെളിപ്പെടുത്തി. സിദ്ധരാമയ്യ ഗവണ്മെന്റിനെ പിടിച്ചുലക്കുന്ന മറ്റൊരു പ്രശ്നമായി ബിദാറിലെ കരാറുകാരന്റെ ആത്മഹത്യ മാറുകയാണ്.
Photo Courtesy - Google











