കൊച്ചി: ബാങ്ക് ജീവനക്കാരുടെ തുടർച്ചയായ പണിമുടക്കുകളും അവധി ദിവസങ്ങളോട് ചേർന്നുള്ള ബാങ്ക് അടച്ചിടലുകളും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വ്യവസായികൾക്കും ചെറുകിട-ഇടത്തരം സംരംഭകർക്കും ഗുരുതരമായ ദുരിതവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നതായി കേരള Merchants Chamber of Commerce (KMCC) ശക്തമായി പ്രതിഷേധിച്ചു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ അവധിയും വരുന്നതിനാൽ ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് തടസ്സപ്പെടുകയാണ്. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14-ലെ വിനായക ചതുർത്ഥി അവധിയും കൂടി വരുന്നതിനാൽ ബാങ്കുകൾ തുടർച്ചയായി നാല് ദിവസം വരെ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.ഇതിനു പുറമെ സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും മൂന്ന് ദിവസത്തെ പണിമുടക്കും, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണ്.ഏഴ് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത വേദിയായ UFBU തുടർച്ചയായ പണിമുടക്കുകളിലേക്ക് നീങ്ങുന്നത് ബാങ്കിംഗ് സംവിധാനത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെയും വ്യാപാര സമൂഹത്തിന്റെയും ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. പണിമുടക്ക് തൊഴിലാളികളുടെ നിയമപരമായ അവകാശമാണെങ്കിലും, തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായി സ്തംഭിപ്പിക്കുന്ന തരത്തിലുള്ള സമരപരമ്പരയുടെ സാമ്പത്തികവും സാമൂഹികവുമായ ആഘാതം പൊതുസമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.പ്രത്യേകിച്ച് വ്യാപാരികൾക്ക് ദിവസേനയുള്ള പണമിടപാടുകൾ, ശമ്പള വിതരണം, ചെക്ക് ക്ലിയറൻസ്, വായ്പാ തിരിച്ചടവ്, നികുതി അടയ്ക്കൽ, ഡിജിറ്റൽ-ബാങ്കിംഗ് സംബന്ധമായ അടിയന്തര ഇടപാടുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ബാങ്കിംഗ് സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ബാങ്കുകൾ തുടർച്ചയായി അടഞ്ഞുകിടക്കുമ്പോൾ ചെറുകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളുടെ പണപ്രവാഹത്തെയും ദൈനംദിന ബിസിനസ് പ്രവർത്തനങ്ങളെയും സാമ്പത്തിക ബാധ്യതകളെയും ഇത് ഗുരുതരമായി ബാധിക്കുന്നു.
വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യം സാമ്പത്തിക പ്രവർത്തനങ്ങളുടെ സ്വാഭാവിക ഒഴുക്കിന് തന്നെ തടസ്സം സൃഷ്ടിക്കുന്നു. ഇതിനകം തന്നെ വിവിധ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന വ്യാപാര മേഖലയ്ക്ക് ഇത്തരം തുടർച്ചയായ ബാങ്ക് പണിമുടക്കുകൾ അനാവശ്യവും ഒഴിവാക്കാനാകുന്നതുമായ അധിക സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്.പണിമുടക്കിന്റെ സാമ്പത്തിക നഷ്ടം പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്ഇത്തരം തുടർച്ചയായ ബാങ്ക് പണിമുടക്കുകൾ മൂലം നിക്ഷേപങ്ങളും മറ്റ് ബാങ്കിംഗ് ഇടപാടുകളും സമയബന്ധിതമായി നടത്താൻ കഴിയാതെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ലഭിക്കേണ്ട പലിശയിലും മറ്റ് സാമ്പത്തിക നേട്ടങ്ങളിലും നഷ്ടം സംഭവിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. പണമിടപാടുകൾ വൈകുന്നതിലൂടെ വായ്പാ തിരിച്ചടവ്, ചെക്ക് ക്ലിയറൻസ്, വ്യാപാര പണമൊഴുക്ക് തുടങ്ങിയവയിലും അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാം.പണിമുടക്ക് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നിരിക്കിലും, അതിന്റെ സാമ്പത്തിക ആഘാതം സാധാരണ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും മേൽ അന്യായമായി അടിച്ചേൽപ്പിക്കപ്പെടാൻ പാടില്ല. ബാങ്കിംഗ് സേവനങ്ങളുടെ തടസ്സം മൂലം ഉപഭോക്താക്കൾക്ക് നേരിട്ട് സംഭവിക്കുന്ന പലിശനഷ്ടവും മറ്റ് ന്യായമായ സാമ്പത്തിക നഷ്ടങ്ങളും പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്താൻ സർക്കാർ അടിയന്തരമായി മുൻകൈ എടുക്കണം.പൊതുജനങ്ങൾക്ക് സംഭവിക്കുന്ന സാമ്പത്തിക നഷ്ടം അവഗണിച്ചുകൊണ്ട് ഇത്തരം സമരങ്ങൾ ആവർത്തിക്കാൻ അനുവദിക്കുന്നത് നീതീകരിക്കാനാവില്ല. ബാങ്കിംഗ് സേവനങ്ങൾ ഒരു സാധാരണ വാണിജ്യ സേവനം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന സൗകര്യവും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അനിവാര്യ ഘടകവുമാണ്. അതിനാൽ, ബാങ്കിംഗ് സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങളും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനും ശക്തമായ സംവിധാനങ്ങൾ അനിവാര്യമാണ്.
തൊഴിൽ സംഘടനകളുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും ബന്ധപ്പെട്ടവർ സ്വീകരിക്കണം. എന്നാൽ, പണിമുടക്ക് ഒരു അവകാശമാണെങ്കിൽ ബാങ്കിംഗ് സേവനങ്ങളെ ആശ്രയിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ അവകാശങ്ങളും അതേ ഗൗരവത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണ്. പൊതുജനങ്ങളുടെ നിത്യജീവിതത്തെയും വ്യാപാര-വാണിജ്യ പ്രവർത്തനങ്ങളെയും നിരന്തരം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സമരരീതികൾക്ക് ശാശ്വത പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.അതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് UFBUയുമായും ബന്ധപ്പെട്ട ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായും ചർച്ച നടത്തി തുടർച്ചയായ പണിമുടക്കുകൾ ഒഴിവാക്കുന്നതിനുള്ള ഫലപ്രദമായ ഒത്തുതീർപ്പ് ഉണ്ടാക്കണം എന്ന് KMCC ശക്തമായി ആവശ്യപ്പെട്ടു.അതോടൊപ്പം, ഭാവിയിൽ തുടർച്ചയായ അവധി ദിവസങ്ങളോട് ചേർത്ത് ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായി സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും, അത്യാവശ്യ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും, പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പലിശനഷ്ടവും മറ്റ് ന്യായമായ സാമ്പത്തിക നഷ്ടങ്ങളും പരിഹരിക്കുന്നതിനും സർക്കാർ ശക്തമായ സംവിധാനവും വ്യക്തമായ മാർഗനിർദേശങ്ങളും ഏർപ്പെടുത്തണമെന്ന് കെഎംസിസി പ്രസിഡണ്ട് ശ്രീ പി. നിസാർ പറഞ്ഞു.
“ജനജീവിതത്തെയും വ്യാപാര മേഖലയെയും അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരം തുടർച്ചയായ പണിമുടക്കുകൾക്ക് അടിയന്തരമായി പരിഹാരം കാണാൻ സർക്കാർ ഇടപെടണം.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ബാങ്കിംഗ് സേവനങ്ങളെ ആശ്രയിക്കുന്ന പൊതുജനങ്ങളുടെ അവകാശങ്ങളും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കപ്പെടണം. ബാങ്കുകൾ അടഞ്ഞുകിടക്കുന്ന ഓരോ ദിവസവും സാധാരണ ജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അവഗണിക്കാനാവില്ല. പൊതുതാൽപര്യം സംരക്ഷിക്കുന്നതിൽ ഇനി യാതൊരു കാലതാമസവും ഉണ്ടാകരുത്” എന്ന് കെഎംസിസി ജനറൽ സെക്രട്ടറി വി. ഇ. അൻവർ അഭിപ്രായപ്പെട്ടു.









