
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) തുടർഭരണം ലഭിക്കുമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി. രാജ.
മലയാള മണ്ണിൽ കാലുകുത്തിയ ശേഷം പ്രസംഗം ആരംഭിച്ച അദ്ദേഹത്തെ വലിയ കൈയടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം എല്ലാ മേഖലകളിലും വികസനം കൈവരിക്കുന്നുണ്ടെന്ന് ഡി. രാജ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റുകാരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ കാഴ്ചക്കാരായിപ്പോലും നിൽക്കാതിരുന്ന ആർ.എസ്.എസ് ഇപ്പോൾ ദേശീയതയെക്കുറിച്ച് വാചാലരാവുകയാണെന്നും അവർ ഫാസിസത്തിന്റെ വക്താക്കളാണെന്നും ഡി. രാജ ആരോപിച്ചു. മോദി സർക്കാർ അദാനി, അംബാനി തുടങ്ങിയ വൻകിട മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വയലാർ രാമവർമ്മയുടെ, 'മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല' എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി. പ്രസാദ് സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ, പി. സന്തോഷ് കുമാർ, ഇ. ചന്ദ്രശേഖരൻ, പി.പി. സുനീർ, സത്യൻ മൊകേരി, കമല സദാനന്ദൻ, കെ.കെ. അഷ്റഫ്, മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, ചിഞ്ചുറാണി, മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, വി. ചാമുണ്ണി, കെ.ആർ. ചന്ദ്രമോഹൻ, കെ.ആർ. ജയദേവൻ, സ്വാഗത സംഘം കൺവീനർ ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.











