11:29am 13 November 2026
NEWS
കണ്‍സ്യൂമര്‍ഫെഡ് ഓണവിപണിയില്‍ സ്വന്തമാക്കിയത് 312 കോടിയുടെ വില്‍പ്പന
09/09/2025  03:47 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കണ്‍സ്യൂമര്‍ഫെഡ് ഓണവിപണിയില്‍ സ്വന്തമാക്കിയത് 312 കോടിയുടെ വില്‍പ്പന

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തിയ ഓണ വിപണികളിലൂടെ 187 കോടി രൂപയുടെ വില്‍പ്പനയും കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ 750ഓളം സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നടത്തിയ ഓണ വിപണികളിലൂടെ 125 കോടി രൂപയുടെ വില്‍പ്പനയുമായി ആകെ 312 കോടി രൂപയുടെ വില്‍പ്പന ഓണക്കാലത്ത് സാധിച്ചതായി കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡേേറഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

സഹകരണ സംഘങ്ങള്‍ നടത്തിയ 1579 ഓണച്ചന്തകളിലൂടേയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് 187 കോടി രൂപയുടെ വില്‍പ്പന കൈവരിച്ചത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയില്‍ എത്തിച്ചത്. സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള 110 കോടി രൂപയുടെ 13 ഇനം സാധനങ്ങളും 77 കോടി രൂപയുടെ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തകളിലൂടെ വിതരണം ചെയ്തതെന്ന് ഫെഡേേറഷന്‍ ചെയര്‍മാന്‍ അഡ്വ. പി എം ഇസ്മയില്‍ പറഞ്ഞു. വിലക്കുറവിന്റെ ഓണം സമ്മാനിക്കാന്‍ സര്‍ക്കാര്‍ സഹകരണ വകുപ്പ് വഴി നടത്തിയ ഇടപെടല്‍ ഫലം കണ്ടുവെന്നാണ് ഓണച്ചന്തകളിലെ വന്‍ ജനത്തിരക്ക് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഗ്രാമീണ ഓണച്ചന്തകളായും ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ നാലു വരെയാണ് 10 ദിവസം വിപണി ഇടപെടല്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തിയതെന്ന് കോ ഓപറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡേേറഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശിവകുമാര്‍ പറഞ്ഞു. പത്തു മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കിയതോടെ ഓണച്ചന്തകള്‍ ഏറെ ആകര്‍ഷണീയമായി. സര്‍ക്കാര്‍ വിപണികളില്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമല്ല എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓണച്ചന്തകളിലെ തിരക്കെന്നും അദ്ദേഹം പറഞ്ഞു. ഉത്രാടപ്പാച്ചിലിന് പോലും എല്ലാ അവശ്യസാധനങ്ങലും ഓണച്ചന്തകളില്‍ ലഭ്യമാക്കിയിരുന്നു. 

സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പ്രാദേശികമായി കര്‍ഷകരില്‍ നിന്നും ലഭ്യമാക്കിയ പച്ചക്കറികളും കണ്‍സ്യൂമര്‍ഫെഡിന്റെ ഓണവിപണികളിലൂടെ കുറഞ്ഞ നിരക്കില്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളെ കൂടി ഉള്‍പ്പെടുത്തി വിവിധയിനം അച്ചാറുകള്‍, ചിപ്‌സുകള്‍, പായസ കിറ്റുകള്‍ തുടങ്ങിയവ കൂടി ഓണവിപണിയില്‍ ലഭ്യമാക്കിയിരുന്നു. 

വാര്‍ത്താ സമ്മേളനത്തില്‍ കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡേേറഷന്‍ ചെയര്‍മാന്‍ അഡ്വ. പി എം ഇസ്മയില്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശിവകുമാര്‍, ജനറല്‍ മാനേജര്‍ എന്‍ വത്സലന്‍, ബിസിനസ് ഓപ്പറേഷന്‍ മാനേജര്‍ ജി ദിനേശ് ലാല്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ദിപ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img