05:46am 12 April 2026
NEWS
കൺസ്യൂമർ കമ്മീഷന് ശിക്ഷനൽകാനുള്ള അധികാരമുണ്ട്: കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ
31/05/2025  07:10 PM IST
സുരേഷ് വണ്ടന്നൂർ
കൺസ്യൂമർ കമ്മീഷന് ശിക്ഷനൽകാനുള്ള അധികാരമുണ്ട്:  കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ

കേരളം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ സജ്ജമാകുന്ന സാമൂഹിക സാഹചര്യമുള്ള സംസ്ഥാനമാണ്. എന്നാൽ സേവനരംഗങ്ങളിൽ, പ്രത്യേകിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ, ഉപഭോക്താക്കളുടെ അവകാശങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ മുന്നിൽ വരാറുണ്ട്. ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്ത് കേരളത്തിന്റെ മുഖ്യസ്ഥാനമായ സംസ്ഥാന കൺസ്യൂമർ ഡിസ്പ്യൂട്ട് റെഡ്രസ്സൽ കമ്മീഷന്റെ അധ്യക്ഷൻ ജസ്റ്റിസ് ബി.സുധീന്ദ്രകുമാറുമായി ഈ പശ്ചാത്തലത്തിൽ സംസാരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമാണെന്ന് പറയപ്പെടുന്നു. കമ്മീഷൻ അധ്യക്ഷനെന്ന നിലയ്ക്ക് ഇതുയർത്തുന്ന പ്രധാന വെല്ലുവിളികളും സാധ്യതകളും താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

കേരളം ഉപഭോക്തൃ സംസ്ഥാനം തന്നെയാണ്. ഉപഭോക്തൃ കോടതികളിലെ പരാതികളിൽ വർഷങ്ങൾ കാത്തിരിക്കേണ്ടാത്ത, അധികം പണം ചെലവഴിക്കാതെ തന്നെ വേഗത്തിൽ ഉത്തരവുകൾ ലഭിക്കുന്ന ഇടമായി കൺസ്യൂമർ കമ്മീഷനുകൾ മാറി കഴിഞ്ഞു. കമ്മീഷനുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നതുകൊണ്ട് തെറ്റായ രീതിയിൽ കൺസ്യൂമർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, തെറ്റായ പരസ്യങ്ങൾ നൽകുന്നവർക്കും കമ്മീഷനുകൾ ഒരു വെല്ലുവിളി തന്നെയാണ്. വിധി നടപ്പാക്കാൻ കൂട്ടാക്കാത്ത എതിർകക്ഷികളെ മൂന്ന് വർഷം വരെ ശിക്ഷിക്കാനുള്ള അധികാരമുണ്ട്. അതുപോലെ തന്നെ സിവിൽ കോടതികളിലെ ഒരു ഡിക്രി പോലെ കൺസ്യൂമർ കോടതികളിലെ ഉത്തരവുകൾ നടപ്പാക്കാനും വഴിയുണ്ട്. എന്നാൽ  സെൻട്രൽ നാസറേറ്റ് ഇല്ലാത്തതു കാരണം വിധി ഡിക്രി നടപ്പാക്കുന്നതുപോലെ നടപ്പാക്കാൻ ബുദ്ധിമുട്ടാണ്.

കൺസ്യൂമർ കമ്മീഷനിൽ ആരോഗ്യവും വിദ്യാഭ്യാസവുമെല്ലാം ഉൾപ്പെടുന്ന സേവന മേഖലകളിൽ നിന്നുള്ള പരാതികളുടെ വ്യാപ്തി എത്രമാത്രമാണ് ?

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കമ്മീഷന്റെ അധികാര പരിധിയിൽ വരുന്നതല്ല. ആരോഗ്യ മേഖലയിൽ സ്വകാര്യ ആശുപത്രികളിലെയോ അല്ലെങ്കിൽ പണം പ്രതിഫലമായി വാങ്ങി ആ പ്രതിഫലത്തിൽ നിന്നും ഡോക്ടർമാർക്ക് ശമ്പളം നൽകുന്ന ആശുപത്രികളിലെയോ ചികിത്സാ പിഴവ് സംബന്ധിച്ച് ധാരാളം പരാതികൾ കമ്മീഷനിൽ വരുന്നുണ്ട്. എന്നാൽ സർക്കാർ മെഡിക്കൽ കോളേജിലോ സർക്കാർ ആശുപത്രികളിലോ ചികിത്സിച്ചാൽ ചികിത്സയ്ക്ക് പണം നൽകേണ്ടതില്ലാത്തതിനാൽ അത്തരം കേസുകൾ കമ്മീഷനിൽ നിലനിൽക്കില്ല.

ആരോഗ്യരംഗത്തെ സേവന വീഴ്ചകളെക്കുറിച്ച് കമ്മീഷൻ എങ്ങനെ സമീപിക്കുന്നു? സാങ്കേതിക വിദഗ്ധരുടെ സഹായം എത്രമാത്രം ഉൾക്കൊള്ളുന്നു?

ആരോഗ്യരംഗത്തെ ചികിത്സാ പിഴവ് തെളിയിക്കുന്നതിനായി ഒരു വിദഗ്ദ്ധ ഡോക്ടർ അത് സംബന്ധിച്ച് നൽകുന്ന തെളിവ് അത്യാവശ്യമാണ്. എന്നാൽ ഏതൊരു വ്യക്തിക്കും ഒരു വിദഗ്ദ്ധന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ മനസ്സിലാക്കാൻ പറ്റുന്ന വീഴ്ചകൾ (ഉദാ: വലത് കാലിന് പകരം ഇടത് കാൽ മുറിയ്ക്കുക, ശ സ്ത്രക്രിയ ചെയ്ത ശേഷം പഞ്ഞി, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ ഉള്ളിൽ വച്ച് തുന്നി കെട്ടുക മുതലായവ)  പ്രകാരമുള്ള ചികിത്സാ പിഴവിന് വിദഗ്ദ്ധന്റെ ആവശ്യമില്ല.

സാധാരണ ഉപഭോക്താക്കൾക്കുള്ള കൺസ്യൂമർ കമ്മീഷൻ നടപടികൾ എളുപ്പത്തിൽ നടത്താനാകുന്നവയാണോ? ഇതിന്റെ കാര്യക്ഷമത ഉറപ്പാക്കുന്ന സംവിധാനങ്ങളുണ്ടോ?

അതെ, ഉണ്ട്. പരാതിക്കാർക്ക് വളരെ എളുപ്പത്തിൽ കമ്മീഷനുകളെ സമീപിക്കാനും പരാതികൾ ഫയൽ ചെയ്യാനും നേരിട്ട് തന്നെ വാദിക്കാനും കഴിയുന്നതാണ്. മാത്രവുമല്ല കൺസ്യൂമർ സംഘടനകൾ വഴിയും സഹായം തേടാവുന്നതാണ്. പരാതിക്കാർ ആവശ്യപ്പെട്ടാൽ അവരുടെ വരുമാനം പരിഗണിച്ച് കമ്മീഷൻ അഭിഭാഷകനെ ഏർപ്പെടുത്തും. അത്ര സുതാര്യമാണ് കമ്മീഷൻ നടപടികൾ.

ഉപഭോക്താക്കളുടെ പരാതികൾ തീർപ്പാക്കുന്നത് വേഗത്തിലാക്കാൻ കമ്മീഷൻ കൈകൊണ്ടിരിക്കുന്ന പ്രധാന നടപടികൾ എന്തൊക്കെയാണ്?
കഴിയുന്നതും വേഗം ബെഞ്ചിൽ വച്ച് തന്നെ വിധി പറയുന്ന രീതിയാണ് കമ്മീഷൻ അവലംബിക്കുന്നത്. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മീഡിയേഷന് വിടുന്ന രീതിയുമുണ്ട്.

ഡിജിറ്റൽ വ്യാപാരരംഗത്ത് ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നത് വർധിച്ചു വരികയാണ്. ഈ പുതിയ വെല്ലുവിളിയെ കമ്മീഷൻ എങ്ങനെ കാണുന്നു? ഇതിനെ ചെറുക്കാൻ ആധുനികവൽക്കരണ നടപടികൾ പരിഗണിച്ചിട്ടുണ്ടോ?

വിദഗ്ദ്ധന്റെ തെളിവിന്റെയും  ഇലക്ട്രോണിക് രേഖകളുടെയും അടിസ്ഥാനത്തിൽ കമ്മീഷന് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു.

സേവനദാതാക്കളുമായുള്ള ഒത്തുതീർപ്പ് മാർഗങ്ങൾ കൂടുതൽ പ്രായോഗികമാക്കുന്നതിനായി ഇനി എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് താങ്കൾ കാണുന്നു?

മീഡിയേഷന് പുറമേ അദാലത്ത്, കൺസീലിയേഷൻ മുതലായ തർക്കപരിഹാരമാർഗ്ഗങ്ങൾ കൂടി അവലംബിക്കാവുന്നതാണ്.
വ്യാജ സേവനദാതാക്കളുടെ കാര്യത്തിൽ ഉപഭോക്താക്കളെ സംരക്ഷിക്കാൻ കമ്മീഷന് കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
വിഷയ വിദഗ്ദ്ധന്റെയും ഇലക്ട്രോണിക് രേഖകളുടെയും പിൻബലത്തോടെ പരിഹരിക്കാവുന്നതാണ്.

മെഡിക്കൽ നെഗ്ലിജൻസുമായി ബന്ധപ്പെട്ട പരാതികൾക്കെതിരെ ഉത്തരവാദിത്വം നിർണ്ണയിക്കുന്നത് നിയമപരമായി എത്രത്തോളം പ്രയാസകരമാണ്, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളെ സംബന്ധിച്ചിടത്തോളം?

മെഡിക്കൽ രംഗത്തെ വിദഗ്ധന്മാരെ വെച്ച് തെളിവെടുപ്പ് നടത്തിയും മെഡിക്കൽ ലിറ്ററേച്ചറുകളുടെ സഹായത്തോടുകൂടിയും ഇത്തരം കേസുകളിൽ തീരുമാനം എടുക്കും. ഡോക്ടർമാർക്ക് എതിരെയുള്ള പരാതികളിൽ ഡോക്ടർമാർക്ക് എതിരെ തെളിവ് നൽകാൻ പലപ്പോഴും മറ്റു ഡോക്ടർമാർ വിമുഖത കാട്ടാറുണ്ട്. അതുകൊണ്ട് വിദഗ്ധൻമാരുടെ ഒരു പ്രത്യേക കമ്മിറ്റി പ്രത്യകമായി കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ പരിധിക്കുള്ളിൽ രൂപീകരിക്കാനും ആവിശ്യപ്പെടുന്നപക്ഷം ആ കമ്മിറ്റി ഓരോ കേസിന്റെയും ചികിത്സാ പിഴവ് സംബന്ധിച്ച് അഭിപ്രായം പറയാൻ ഉതകുന്ന വിധത്തിൽ അധികാരം നൽകുകയും ചെയ്താൽ മേൽപ്പറഞ്ഞ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
 
പൊതുജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കാൻ കമ്മീഷൻ നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ ഏതെല്ലാമാണ്?

ഉപഭോക്തൃ നിയമം സംബന്ധിച്ച് ബോധവാന്മാരാക്കാൻ വേണ്ടി ഇന്റേൺഷിപ്പിനു വരുന്ന നിയമ വിദ്യാർത്ഥികൾക്ക് ഈ കമ്മീഷൻ നേരിട്ട് ക്ലാസുകൾ നൽകുന്നുണ്ട്. കൂടാതെ കേന്ദ്ര കേരള സർക്കാരുകൾ ധാരാളം ബോധവൽക്കരണ നടപടികൾ ഈ കാര്യത്തിൽ നടത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ ഇടപെടലുകളിൽ ഉപഭോക്താവിന്റെ താത്പര്യം നഷ്ടപ്പെടുന്നത് സംബന്ധിച്ച് കമ്മീഷന്റെ നിലപാട് എന്താണ്?

സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് ഉപഭോക്താവിന്റെ താൽപര്യം നഷ്ടപ്പെടുന്ന രീതിയിൽ മുകളിൽ പ്രസ്താവിച്ചതൊഴിച്ച് പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. ഉപഭോക്താവ് ഇൻഷുറൻസിൽ ചേരുന്നതിന് മുമ്പുതന്നെ  ഇൻഷുറൻസിന്റെ പ്രയോജനം എന്തെല്ലാമെന്ന് മനസ്സിലാക്കുകയും ഇൻഷുറൻസിന്റെ പ്രൊപ്പോസൽ ഫോമിൽ ഏജന്റ് പറയുന്നതനുസരിച്ച് വെറുതെ ഒപ്പിടുന്നതിന് പകരം ഇത്തിരി സമയം ചെലവഴിക്കേണ്ടി വന്നാലും അത് വായിച്ച് അതിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ സത്യസന്ധമായി എഴുതുകയും ചെയ്താൽ നല്ലൊരു പരിധിവരെ ഉപഭോക്താവിന്റെ താൽപ്പര്യം  സംരക്ഷിയ്ക്കാൻ  സാധിക്കും.

ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക്  ഫലപ്രദമാണെന്ന് താങ്കൾക്ക് തോന്നുണ്ടോ?

വളരെയധികംഫലപ്രദമാണ്.

അടിയന്തിര സേവന ചാർജുകൾ, പ്രത്യേകിച്ച് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംബന്ധിച്ചിടത്തോളം, നിയമപരമായി ചെറുക്കാനാകുമോ?

കമ്മീഷന്റെ പരിധിയിൽ വരുന്നതല്ല.

സോഷ്യൽമീഡിയ വഴിയുള്ള ഉപഭോക്തൃ പരാതി-വ്യാപാര വഞ്ചനകൾ തടയാൻ കമ്മീഷൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടോ?

ഇലക്ടോണിക് തെളിവുകൾ, വിദഗ്ദ്ധ തെളിവുകൾ എന്നിവ വെച്ച് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.

ഉപഭോക്താക്കൾക്ക് തങ്ങളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കാൻ താങ്കൾ നൽകുന്ന പ്രധാന ഉപദേശം എന്താണ്?

പരസ്യങ്ങളിൽ ആകൃഷ്ടരാവാതെ ഗുണനിലവാരം മനസ്സിലാക്കി മാത്രം കൺസ്യൂമർ സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. സാധനത്തിന് വാറന്റി ഉണ്ടോ ഉണ്ടെങ്കിൽ എന്തെല്ലാമാണ് വാറന്റിയിൽപ്പെടുന്നത് വാറന്റി എത്രനാൾ ഉണ്ട് എന്നീകാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയതിനുശേഷം മാത്രം സാധനങ്ങൾ വാങ്ങുക. സാധനങ്ങളുടെ ബിൽ, വാറന്റി കാർഡ് എന്നിവ സൂക്ഷിച്ചുവെക്കുക. സാധനങ്ങൾ വാങ്ങുമ്പോൾ കൃത്യമായും വിശ്വാസ്യത ഉറപ്പുള്ള സ്ഥാപനത്തിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങുക. ഉപഭോക്താവ് എപ്പോഴും ശുദ്ധ കരങ്ങളുമായിട്ടായിരിക്കണം കമ്മീഷനെ സമീപിക്കേണ്ടത്. 
(ലേഖകൻ നിയമകാര്യ വിദഗ്ധനാണ്)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img