
എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ ആൻറ് ജനറൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ കളക്ട്രേറ്റ് ധർണ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു..
കാക്കനാട് : നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിലേക്കുള്ള സെസ് പിരിച്ചെടുക്കുന്നതിൽ ജീവനക്കാർ കാണിക്കുന്ന അനാസ്ഥ ഉപേക്ഷിക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ അഷ്റഫ് ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ ആൻറ് ജനറൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ നടത്തിയ കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെസ് പിരിവിലൂടെ വരുമാനം ലഭിച്ചാൽ മാത്രമേ നിലവിലുള്ള തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും വിരമിച്ചവർക്ക് പെൻഷൻ ഉൾപ്പെടെ നൽകാൻ കഴിയുകയുള്ളു. മറ്റു തൊഴിലാളികൾക്ക് നൽകുന്നതു പോലെ നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്കും ഉത്സവബത്ത അനുവദിക്കുന്നതിന് സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധർണയിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് സി വി ശശി അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി , സി പി ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ കെ സന്തോഷ് ബാബു , എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം രാജേഷ് കാവുങ്കൽ , യൂണിയൻ ഭാരവാഹികളായ എം പി രാധാകൃഷ്ണൻ , എ പി ഷാജി ,പി കെ ബാബുരാജ് , ഷാജി ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു. സഹഭാരവാഹികളായ പി ഡി വർഗീസ് , എം ആർ രാധാകൃഷ്ണൻ , സി കെ പരമു ,എൻ കെ പുഷ്പ ,ജോയ് പീറ്റർ , എം വി സുഭാഷ് എന്നിവർ നേതൃത്വം നൽകി.
നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, ക്ഷേമനിധിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ബോണസ് നൽകുന്നതിനുള്ള നിയമ നിർമ്മാണം നടത്തുക, സെസ് പിരിവ് ഊർജ്ജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായാണ് ധർണ നടത്തിയത്.
Photo Courtesy - Google










