എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും വലിയ പരിഹാരമാകുന്ന വടുതല റെയിൽവേ മേൽപ്പാലത്തിന്റെയും പേരണ്ടൂർ-വടുതല പാലത്തിന്റെയും നിർമ്മാണോദ്ഘാടനം നാളെ (ഒക്ടോബർ 7ന്) നടക്കും. വൈകീട്ട് 5 മണിക്ക് വടുതല പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർമ്മാണോദ്ഘാടനം നിർവഹിക്കും. രണ്ട് പാലങ്ങളുടെയും നിർമ്മാണോദ്ഘാടനം ഒരേ ചടങ്ങിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വേദിയിൽ ശിലാഫലക അനാച്ഛാദനവും നടക്കും.
ടി.ജെ. വിനോദ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, RBDCK എം.ഡി. എസ്. ഷാനവാസ്, ജില്ലാ കളക്ടർ പ്രിയങ്ക ജി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
വർഷങ്ങളായി വിവിധ ഘട്ടങ്ങളിലായി ഭരണാനുമതി, ഭൂമിയേറ്റെടുക്കൽ, സാങ്കേതിക അനുമതി, ടെൻഡർ, യൂട്ടിലിറ്റി മാറ്റിസ്ഥാപിക്കൽ തുടങ്ങിയ നടപടികളിൽ കുടുങ്ങിക്കിടന്നിരുന്ന പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും തുടർനടപടികളുടെയും ഫലമായാണ് ഇപ്പോൾ രണ്ട് പാലങ്ങളുടെയും നിർമ്മാണത്തിലേക്ക് കടക്കാൻ സാധിച്ചിരിക്കുന്നത്.
വടുതല-പേരണ്ടൂർ പാലംഎറണാകുളം നഗരത്തിലെ വടുതലയെയും പേരണ്ടൂരിനെയും തമ്മിൽ ബന്ധിപ്പിച്ച് പേരണ്ടൂർ കനാലിന് കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. കണ്ടെയ്നർ റോഡിൽ നിന്ന് വടുതല വഴി തിരക്കേറിയ ദേശീയപാത ഒഴിവാക്കി കലൂരിലേക്ക് വേഗത്തിൽ എത്താൻ ജനങ്ങൾക്ക് സഹായകരമാകുന്ന പ്രധാന ഗതാഗത മാർഗമായിരിക്കും ഈ പാലം.
ഭൂമിയേറ്റെടുക്കലിനും വിവിധ യൂട്ടിലിറ്റി മാറ്റിസ്ഥാപിക്കൽ പ്രവർത്തനങ്ങൾക്കുമായി 3424 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. പുതുക്കിയ അലൈൻമെന്റ് പ്രകാരം പേരണ്ടൂർ ഭാഗത്ത് ഏകദേശം 34 സെന്റും വടുതല ഭാഗത്ത് 55 സെന്റും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പാലനിർമാണത്തിനാവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികളും സി ആർ ഇസഡ് ക്ലിയറൻസും ലഭിച്ചിട്ടുണ്ട്.ടെൻഡർ നടപടികൾ പൂർത്തിയാക്കി ജി എം എഞ്ചിനിയേഴ്സ് & കോൺട്രാക്ടേഴ്സ് കരാറുകാരായി പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ട്. രണ്ട് വർഷമാണ് പൂർത്തീകരണ കാലാവധി.
നിർദിഷ്ട പാലത്തിന് 153.60 മീറ്റർ നീളവും 11 മീറ്റർ ആകെ വീതിയും ഉണ്ടായിരിക്കും. 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയ്ക്കൊപ്പം ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള ഫുട്പാത്തുകളുമുണ്ടാകും. 25.70 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളും 26 മീറ്റർ വീതമുള്ള ഒരു സ്പാനും 12.50 മീറ്റർ വീതമുള്ള ആറ് ലാൻഡ് സ്പാനുകളും പാലത്തിൽ ഉൾപ്പെടും.ഏകദേശം 68 മീറ്റർ ആഴത്തിൽ സ്ഥാപിക്കുന്ന 1.2 മീറ്റർ വ്യാസമുള്ള 30 ബോർഡ് കാസ്റ്റ്-ഇൻ-സിറ്റു RCC പൈലുകളാണ് ഫൗണ്ടേഷനായി ഉപയോഗിക്കുന്നത്.
വടുതല ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഇരുവശത്തും 125 മീറ്റർ നീളമുള്ള സർവീസ് റോഡുകളും പേരണ്ടൂർ ഭാഗത്ത് അപ്രോച്ച് റോഡിന്റെ ഒരു വശത്ത് 125 മീറ്റർ നീളമുള്ള സർവീസ് റോഡും നിർമ്മിക്കും.
വടുതല റെയിൽവേ മേൽപ്പാലംആർ ബി ഡി സി കെ (Roads and Bridges Development Corporation of Kerala) ആണ് വടുതല റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നത്. എറണാകുളം നിയോജകമണ്ഡലത്തിലെ 69-ാം നമ്പർ റെയിൽവേ ലെവൽ ക്രോസിങ്ങിൽ നിർമിക്കുന്ന ഈ മേൽപ്പാലം നഗരത്തിലെ പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നാണ്.കിഫ്ബി മുഖേന സാമ്പത്തിക അനുമതി ലഭിച്ച പദ്ധതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 91.89 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഭൂമിയേറ്റെടുക്കലിനായി 67.87 കോടി രൂപ ഉൾപ്പെടുന്നു. ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്.
സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി M/s Cherian Varkey Construction Company Pvt. Ltd.-ന് കരാർ നൽകിയിട്ടുണ്ട്. ടെൻഡർ തുക 18.80 കോടി രൂപയും പ്രവൃത്തി പൂർത്തീകരണ കാലാവധി 24 മാസവുമാണ്. യൂട്ടിലിറ്റി മാറ്റിസ്ഥാപിക്കൽ ചെലവും ഭൂമിയേറ്റെടുക്കൽ തുകയും ഉൾപ്പെടെ പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 88.58 കോടി രൂപയാണ്.
മേൽപ്പാലത്തിന്റെ ആകെ നീളം 372.78 മീറ്റർ ആണ്. റെയിൽവേ സ്പാനിന് 43.45 മീറ്റർ നീളമുണ്ടാകും. പാലത്തിന് 10.15 മീറ്റർ വീതിയുണ്ടാകുകയും 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഒരു വശത്ത് 1.50 മീറ്റർ വീതിയുള്ള ഫുട്പാത്തും ഉണ്ടായിരിക്കുകയും ചെയ്യും. ആർ സി സി പൈൽ ഫൗണ്ടേഷനിലാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ പ്രധാന ഘടനയിൽ പി എസ് സി ഗർഡറുകളും ആർ സി സി സ്ലാബുകളും ഉപയോഗിക്കും. വടുതല ഭാഗത്തെ അപ്രോച്ച് റോഡിന് 181.25 മീറ്ററും മറുവശത്തെ അപ്രോച്ച് റോഡിന് 148.08 മീറ്ററും നീളമുണ്ടാകും.
റെയിൽവേ ലെവൽ ക്രോസിങ്ങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനൊപ്പം പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും പാലം സഹായിക്കും. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കേണ്ട സാഹചര്യം ഒഴിവാകുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാനും പദ്ധതിക്ക് സാധിക്കും.
വടുതല റെയിൽവേ മേൽപ്പാലവും പേരണ്ടൂർ-വടുതല പാലവും യാഥാർഥ്യമാകുന്നതോടെ വടുതല, പേരണ്ടൂർ, പച്ചാളം, ചിറ്റൂർ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ യാത്രാ ബന്ധം കൂടുതൽ ശക്തമാകുകയും എറണാകുളം നഗരത്തിന്റെ ഗതാഗത സംവിധാനത്തിന് വലിയ ആശ്വാസമാകുകയും ചെയ്യും. നഗരത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനും രണ്ട് പദ്ധതികളും നിർണായകമായ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.
ഒക്ടോബർ ഏഴിന് നടക്കുന്ന ഇരുപാലങ്ങളുടെയും നിർമ്മാണോദ്ഘാടനം എറണാകുളം നഗരത്തിന്റെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിൽ സുപ്രധാനമായ ഒരു പുതിയ അധ്യായത്തിന് തുടക്കമാകും.










