
ചെല്ലാനം - കൊച്ചി തീരത്തെ മുടങ്ങി പോയ നിർദിഷ്ട ടെട്രാ പോഡ് കടൽഭിത്തി - പുലി മുട്ടുകളുടെ രണ്ടാം ഘട്ട നിർമ്മാണത്തിന് 306 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനം വന്നിട്ട് 100 ദിവസങ്ങളിൽ അധികം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 2 നു സർക്കാർ തീരുമാനം എടുത്തെങ്കിലും നാളിതു വരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ജൂൺ മാസത്തിൽ ചെല്ലാനം - കൊച്ചി തീരത്തുണ്ടായ ശക്തമായ കടൽ കയറ്റത്തിൽ നിരവധി വീടുകൾ വാസയോഗ്യമല്ലാതെ ആകുകയും തകരുകയും ചെയ്തിരുന്നു. ഈ വീടുകളിൽ താമസിച്ചിരുന്നവർ താൽക്കാലികമായി വാടക വീടുകളിലും ബന്ധു വീടുകളിലും ഒക്കെയായി കഴിഞ്ഞു വരികയായിരുന്നു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിനായി 306 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും എന്ന് മന്ത്രി സഭാ തീരുമാനം വന്നതിനെ തുടർന്ന് ഇവരിൽ പലരും ഇപ്പോൾ സ്വന്തം വീടുകളുടെ അറ്റകുറ്റ പണികൾ നടത്തി തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ചെല്ലാനം - കൊച്ചി തീരത്തെ കടൽ താരതമ്യേന ശാന്തമായ നവംബർ മുതൽ മെയ് വരെയുള്ള ആറു മാസ കാലയളവിൽ നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കിയില്ലെങ്കിൽ വീണ്ടും കടൽ കയറ്റ ദുരിതങ്ങൾ ആവർത്തിക്കും. ഈ സാഹചര്യത്തിൽ നിർദിഷ്ട രണ്ടാം ഘട്ട തീര സംരക്ഷണ പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കാത്തത് ഈ പ്രദേശത്തെ ജനങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. 2023 ൽ ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ചെല്ലാനത്ത് വന്ന് പദ്ധതി ഉടൻ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചത് പോലെ ആകുമോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. 306 കോടി രൂപയുടെ തീര സംരക്ഷണ പദ്ധതി പ്രഖ്യാപനം പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു കൊണ്ടുള്ള വെറും പ്രഖ്യാപനം ആകരുത്.
തീര സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത് നീണ്ടു പോകുന്നതിലുള്ള ചെല്ലാനം - കൊച്ചി തീരത്തെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും കേരള സർക്കാരിനെ അറിയിക്കുന്നതിനായി ഒക്ടോബർ 28 നു തോപ്പുംപടിയിൽ ജനകീയ വേദി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയാണ്. ധർണ്ണ ചെല്ലാനം സേവ്യർദേശ് പള്ളി വികാരി ഫാ.ആന്റോണീറ്റോ പോൾ ഉദ്‌ഘാടനം ചെയ്യും.
ഇനിയും തീര സംരക്ഷണ പ്രശ്നത്തിൽ സർക്കാർ ഇഴഞ്ഞു നീങ്ങൽ നയമാണ് സ്വീകരിക്കുന്നത് എങ്കിൽ ശക്തമായ ജനകീയ പ്രതിഷേധമായിരിക്കും നേരിടേണ്ടി വരിക. അത് ചെല്ലാനം - കൊച്ചി തീരത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതാകില്ല . ജനങ്ങളുടെ ആശങ്കയും ഭീതിയും കണക്കിലെടുത്ത് 306 കോടി രൂപയുടെ നിർദിഷ്ട രണ്ടാംഘട്ട ടെട്രാപ്പോഡ് കടൽഭിത്തി - പുലി മുട്ടുകളുടെ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ തയ്യാറാകണം എന്ന് ചെല്ലാനം - കൊച്ചി ജനകീയ വേദി കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.








