കൊച്ചി: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചെയർ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 'ഭരണഘടന, പാർലമെന്റ്, സാമൂഹികനീതി: ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കൊരു പുനർവായന' എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ (INPA) സഹകരണത്തോടെ 2026 നവംബർ 24-ന് കുസാറ്റ് സെമിനാർ കോംപ്ലക്സിലെ മിനി സെമിനാർ ഹാളിലാണ് ശില്പശാല നടക്കുന്നത്.
ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന മൂല്യങ്ങളെയും പാർലമെന്ററി ജനാധിപത്യത്തിന്റെ സ്ഥാപക തത്വങ്ങളെയും സമകാലിക സാഹചര്യത്തിൽ വിശകലനം ചെയ്യുകയും സാമൂഹികനീതിയുടെ പ്രാധാന്യം ചർച്ച ചെയ്യുകയുമാണ് ശിൽപശാലയുടെ ലക്ഷ്യം. നിയമവിദഗ്ധർ, ജനപ്രതിനിധികൾ, അക്കാദമിക വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഭരണഘടനാ മൂല്യങ്ങളെയും പാർലമെന്ററി ജനാധിപത്യത്തെയും കുറിച്ച് സംവദിക്കാനുള്ള വേദിയായിരിക്കും പരിപാടി.
കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി. ഷാനിമോൾ ഉസ്മാൻ സമാപന സമ്മേളനത്തിൽ വാലിഡിക്ടറി പ്രഭാഷണം നടത്തും. INPA ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ അലാപ്പാട്ട് പ്രത്യേക പ്രഭാഷണം നടത്തും.
സുപ്രീം കോടതി സീനിയർ അഭിഭാഷകൻ അഡ്വ. കാലേശ്വരം രാജ്, മുൻ കേരള മന്ത്രിയും അഭിഭാഷകനുമായ അഡ്വ. പി. രാജീവ്, കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അഡ്വ. എം.ആർ. ഹരിരാജ് എന്നിവർ വിവിധ സാങ്കേതിക സെഷനുകളിൽ വിഷയാവതരണം നടത്തും. കൂടാതെ വിദ്യാർത്ഥികൾക്കായി ഭരണഘടനാ ദിന ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം, അസമത്വങ്ങൾ കുറയ്ക്കൽ, സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ, ലക്ഷ്യങ്ങൾക്കായുള്ള പങ്കാളിത്തം എന്നീ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDGs) ചേർന്നുനിൽക്കുന്ന പ്രവർത്തനമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ കോർഡിനേറ്റർമാരായി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചെയർ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ കോർഡിനേറ്ററും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അനീഷ് വി. പിള്ളയും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സീമ പി.എസ്.യും പ്രവർത്തിക്കുന്നു.








