04:34pm 12 November 2026
NEWS
സമുദ്ര ജൈവസമ്പത്തുകളുടെ സംരക്ഷണവും ആനുകൂല്യങ്ങൾ പങ്കുവയ്ക്കലും - ആലോചനായോഗം സംഘടിപ്പിച്ചു
09/01/2026  04:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമുദ്ര ജൈവസമ്പത്തുകളുടെ സംരക്ഷണവും ആനുകൂല്യങ്ങൾ പങ്കുവയ്ക്കലും - ആലോചനായോഗം  സംഘടിപ്പിച്ചു

 

സമുദ്ര ജൈവസമ്പത്തുമായി ബന്ധപ്പെട്ട ജനിതക വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ആനുകൂല്യങ്ങളുടെ ന്യായവും തുല്യവുമായ പങ്കുവയ്ക്കൽ എന്ന വിഷയം (അക്‌സസ് ആൻഡ് ബെനിഫിറ്റ് ഷെയറിംഗ് (ABS))  സംബന്ധിച്ച ആലോചനാ യോഗം 2026 ജനുവരി 9-ന് കൊച്ചിയിൽ നടന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS), ദേശീയ ജൈവവൈവിധ്യ അതോറിറ്റി (NBA) എന്നിവ ചേർന്നാണ് യോഗം സംഘടിപ്പിച്ചത്.
ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ ചെയർപേഴ്സൺ   ശ്രീ വീരേന്ദ്ര ആർ. തിവാരി യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്., മത്സ്യബന്ധന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ അബ്ദുൽ നാസർ ഐ.എ.എസ്., പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ സാംബ ശിവറാവു ഐ.എ.എസ്., കുഫോസ്  വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ. അനിൽ കുമാർ എന്നിവർ സാങ്കേതിക സെഷനുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി .
MPEDA, ICAR–CMFRI, ICAR–NBFGR, ICAR–CIFT, CMLRE, സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, Synthite Industries Ltd, AQCS, കേരള സർക്കാർ മത്സ്യബന്ധന വകുപ്പ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, IIT ഖരഗ്പൂർ, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ എന്നിവടങ്ങളിൽ  നിന്നുള്ള ഏകദേശം 50 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ തീരപ്രദേശങ്ങളിലെ സമുദ്ര ജൈവസമ്പത്തുകളുടെ ആക്‌സസ് ആൻഡ് ബെനിഫിറ്റ് ഷെയറിംഗ് (ABS) സംവിധാനവുമായി ബന്ധപ്പെട്ട നിയന്ത്രണം , ശാസ്ത്രീയ വശം, നടപ്പാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളെ കുറിച്ച്  യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു . 

"വ്യാവസായിക മത്സ്യബന്ധന  മേഖലയിലുള്ള  ആശങ്കകളും സംശയങ്ങളും കണ്ടെത്തി,  ഇതിലൂടെ അർഹരായവരിലേക്ക് ആക്‌സസ് ആൻഡ് ബെനിഫിറ്റ് ഷെയറിംഗ് (ABS)  എത്തുമെന്ന് ഉറപ്പാക്കുക  എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സമുദ്ര ജൈവസ്രോതസ്സുകളുടെ ഉപയോഗത്തിലും സംരക്ഷണത്തിലും പങ്കാളികളായവരെ ഒരുമിപ്പിച്ച് ഇത്തരം ഒരു യോഗം സംഘടിപ്പിക്കാൻ മുൻകൈ എടുത്ത കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഈ ശ്രമം ഏറെ അഭിനന്ദനാർഹമാണ്. ABS സംവിധാനത്തെയും സമുദ്ര ജൈവസ്രോതസ്സുകളെയും സംബന്ധിച്ച ഈ വർക്ക്‌ഷോപ്പ് ഫിഷറീസ്  മേഖലയുടെ  ഗുണകരമായ ഫലങ്ങളിലേക്കുള്ള സുപ്രധാന ചുവട് വെപ്പാണ്"  എന്ന് ഡോ വീരേന്ദ്ര ആർ തീവാരി ഐ എഫ് എസ് പറഞ്ഞു.

"ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ സമുദ്ര ജൈവസ്രോതസ്സുകളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും ശക്തിപ്പെടുത്തുന്നതിനായിട്ടുള്ള  നിബന്ധനകളും വ്യവസ്ഥകളും ഒരു നയരൂപരേഖയും രൂപപ്പെടുത്തുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്‍റെ ഭാഗമായി മത്സ്യബന്ധന മേഖല, സമുദ്ര കയറ്റുമതി വ്യവസായങ്ങൾ, പ്രധാന നയരൂപീകരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക സ്റ്റേക്ക്‌ഹോൾഡർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകോപിതമായ സമീപനമാണ് ഈ യോഗം ലക്ഷ്യമിടുന്നത്" എന്ന് ഡോ എൻ അനിൽ കുമാർ പറഞ്ഞു.

"കാലാവസ്ഥാ മാറ്റവും സുസ്ഥിരമല്ലാത്ത ഉപയോഗ രീതികളും കാരണം സമുദ്ര മത്സ്യസമ്പത്തുകളുടെ നിലനിൽപ്  വെല്ലുവിളി നേരിടുന്നു. കയറ്റുമതി ചെയ്യുന്ന സമുദ്രസമ്പത്തുകൾ   ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കർശന പരിശോധനയ്ക്ക് വിധേയമാകുന്നു .  ഈ മേഖലയിലെ ആക്‌സസ് ആൻഡ് ബെനിഫിറ്റ് ഷെയറിംഗ് (ABS) വിഷയങ്ങൾ പലതരം സ്റ്റേക്ക്‌ഹോൾഡർമാരെ ഉൾപ്പെടുത്തി ഗൗരവമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്. ഇതിനോടൊപ്പം, അനുയോജ്യമായ മാർഗനിർദ്ദേശങ്ങളും പാക്കേജുകളും രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇത്തരത്തിലുള്ള ആലോചനാ യോഗങ്ങളിലൂടെ തയ്യാറാക്കുകയും, ഇതിലൂടെ  വിഭവങ്ങളുടെ സുസ്ഥിര നടത്തിപ്പിനും പാരിസ്ഥിതിക അടിസ്ഥാനത്തിലുള്ള മൽസ്യ ബന്ധന നിയന്ത്രണത്തിനും  വിനിയോഗിക്കുന്നതിനുള്ള വ്യക്തമായ ദിശാനിർദ്ദേശങ്ങൾ വികസിപ്പിക്കേണ്ടതുണ്ട് ." ഡോ എ ബിജുകുമാർ, വൈസ്  ചാൻസലർ, കുഫോസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img