08:20pm 30 August 2026
NEWS
സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുമായി ധാരണ
30/08/2026  05:55 PM IST
nila
സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുമായി ധാരണ

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള പദ്ധതിയിൽ സർക്കാരും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും (കെജിഎംഒഎ) തമ്മിൽ ധാരണയായി. സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനൊപ്പം പ്രമോഷൻ നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നൽകി.

ആരോഗ്യമന്ത്രി കെജിഎംഒഎ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് വിഷയത്തിൽ സമവായത്തിലെത്തിയത്. ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനത്തോട് കെജിഎംഒഎ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ നിലവിലുള്ള ജീവനക്കാരെ പുനർവിന്യസിച്ച് പദ്ധതി നടപ്പാക്കരുതെന്നായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം.

സിസ്റ്റത്തിനുള്ളിൽ തന്നെ ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുണ്ടെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്ന സ്പെഷ്യലിസ്റ്റുകളെ ജില്ലാ, ജനറൽ ആശുപത്രികളിലേക്ക് പുനർവിന്യസിച്ച് പദ്ധതി നടപ്പാക്കാമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. ഇതിനെ തുടർന്നാണ് ആരോഗ്യമന്ത്രി കെജിഎംഒഎയുമായി ചർച്ച നടത്തിയത്.

ചർച്ചയിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ ബന്ധപ്പെട്ട ഡോക്ടർമാരുടെ സമ്മതം തേടും. ഇവരെ മാറ്റുന്ന സാഹചര്യത്തിൽ പകരം ഡോക്ടർമാരെ നിയമിക്കുന്ന കാര്യവും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കണമെന്ന കെജിഎംഒഎയുടെ ആവശ്യവും സർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രധാന തർക്കങ്ങൾക്ക് പരിഹാരമായതായാണ് വിലയിരുത്തൽ.

പുനലൂർ ആശുപത്രിയിൽ ഉടൻ നടപ്പാക്കും

ധാരണയായതോടെ പുനലൂർ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവന പദ്ധതി ഉടൻ പൂർണതോതിൽ നടപ്പാക്കും. ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി എന്നീ വിഭാഗങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉറപ്പാക്കും.

രാത്രി 8 മണിക്ക് ശേഷവും ആവശ്യമായപ്പോൾ സ്പെഷ്യലിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിനായി ഓൺ-കോൾ സംവിധാനം ഏർപ്പെടുത്തും. ഇതിലൂടെ അടിയന്തര സാഹചര്യങ്ങളിലടക്കം സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് മുഴുവൻ സമയവും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img