കൊച്ചി: കൊച്ചിൻ കോർപ്പറേഷനിൽ യു ഡി എഫ് വലിയ ഭൂരിപക്ഷത്തിൽ ഭരണം തിരിച്ചു പിടിക്കുമെന്ന് കോർപ്പറേഷൻ തല കോൺഗ്രസ്സ് നേതൃയോഗം . പലവിധ അട്ടിമറി ശ്രമങ്ങൾ നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ യു ഡി എഫിനായി. ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ വിജയം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ബോധപൂർവ്വം നടത്തിയ ശ്രമങ്ങൾ പരാജയപ്പെടും. രണ്ടാം ഘട്ടത്തിൽ ഇറങ്ങിയ വോട്ടർ പട്ടികയിലുണ്ടായിരുന്ന വോട്ടുകൾ അവസാനഘട്ട വോട്ടർപട്ടിക വന്നപ്പോൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി 200 മുതൽ 300 യുഡിഎഫ് വോട്ടുകൾ വരെ നീക്കം ചെയ്തു. ഭൂരിഭാഗം സ്ഥലങ്ങളിലും ആളുകൾ ബൂത്തുകളിൽ വന്നപ്പോഴാണ് വോട്ടില്ലെന്ന് മനസ്സിലായത്. അന്തിമ വോട്ടർ പട്ടിക ഇറങ്ങിയപ്പോഴേക്കും പലരും സ്ഥാനാർത്ഥികളായും മറ്റും തിരഞ്ഞെടുപ്പ് തിരക്കിലായതിനാൽ കൃത്യസമയത്ത് പരാതി കൊടുക്കാൻ പോലും സാവകാശം ലഭിച്ചില്ല. പരാതി കൊടുക്കാൻ സാധിക്കില്ല എന്നുള്ള അവസരം മുതലെടുത്താണ് നിരവധി ഡിവിഷനുകളിൽ സിപിഎം ഈ കൃത്രിമം നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരെ വിവിധ ഡിവിഷനുകളിൽ കൊണ്ടുവന്ന് ഇരട്ട വോട്ടുകൾ ചേർക്കാനും ശ്രമങ്ങൾ നടത്തി. ഇതുകൊണ്ടൊന്നും യു ഡി എഫിനെ പരാജയപ്പെടുത്താൻ സാധിക്കില്ല. വോട്ടർമാരും വോട്ട് നഷ്ടപ്പെട്ടവരും സ്ഥാനാർത്ഥികളും കോൺഗ്രസ് പാർട്ടിയും ഇതിനെതിരെ നിയമപരമായി നീങ്ങും. ഇവർക്കെതിരായി ക്രിമിനൽ ചട്ടപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നിയമനടപടികൾ സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ ബാബു യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. എംഎൽഎമാരായ ടി ജെ വിനോദ്, ഉമ തോമസ് നേതാക്കളായ എൻ വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, എം ആർ അഭിലാഷ്, ടോണി ചമ്മിണി, ചാൾസ് ഡയസ്, ലൂഡി ലൂയിസ്, കെ വി പി കൃഷ്ണകുമാർ, ഷെറിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു











