10:08pm 21 October 2026
NEWS
സാമ്പത്തിക ബാധ്യത അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞെന്ന് കലാരാജു; വീഡിയോ പുറത്തുവിട്ട് സിപിഎം

22/01/2025  01:02 PM IST
nila
സാമ്പത്തിക ബാധ്യത അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞെന്ന് കലാരാജു; വീഡിയോ പുറത്തുവിട്ട് സിപിഎം

കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജു പാർട്ടി ഓഫീസിലെത്തി കോൺ​ഗ്രസ് തനിക്ക് സഹായം വാ​ഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തുന്ന വീഡിയോ സിപിഎം പുറത്തുവിട്ടു. പാർട്ടി കൂത്താട്ടുകുളം ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. സാമ്പത്തിക ബാധ്യതകൾ അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി കലാ രാജു മറ്റുള്ളവരോട് പറയുന്നത് വീഡിയോയിൽ ദൃശ്യമാണ്. 

'എനിക്ക് പത്ത് ലക്ഷമോ ഇരുപത് ലക്ഷമോ തരാമെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു വാഗ്ദാനവും ഇല്ല. ഒപ്പം നിന്ന് ബാങ്കിന്റെ കാര്യങ്ങൾ അന്വേഷിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ടെ'ന്ന് കലാ രാജു അവകാശപ്പെടുന്നു. ഈ വാഗ്ദാനത്തിന്റെ മേൽ കോൺഗ്രസിലേക്ക് പോകേണ്ടതുണ്ടോയെന്ന് ചോദിക്കുമ്പോൾ അതുപോലും സിപിഎം ചെയ്തില്ലല്ലോയെന്നാണ് മറിച്ച് കലാ രാജു ചോദിക്കുന്നത്. അവരേക്കാൾ ബലം നമുക്കില്ലേ. ഭരണം നമ്മുടെ കൈയ്യിലുണ്ട്. അപ്പോൾ അവരാണോ അന്വേഷിക്കേണ്ടത് എന്ന് വീണ്ടും മറ്റൊരു അംഗം തിരിച്ചു ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

കൂത്താട്ടുകുളം നഗരസഭയിൽ നടന്നത് കുതിരക്കച്ചവടമെന്നായിരുന്നു സിപിഎം ആരോപണം. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിൽ വിശദീകരണം നൽകുന്നതുമായി ബന്ധപെട്ടു നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു വിമർശനം. കോൺഗ്രസിനും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് ഷിയാസിനുമെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ഏരിയാ സെക്രട്ടറി പിബി രതീഷും ഉന്നയിച്ചത്. കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിലാണെന്ന് സിഎൻ മോഹനനും കോൺഗ്രസ് പണം വാഗ്ദാനം ചെയ്‌തെന്ന് കലാ രാജു പറഞ്ഞതായി പി ബി രതീഷും പറഞ്ഞിരിന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img