
ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിന് (ആർഎസ്എസ്) എതിരായ വിമർശനം ശക്തമാക്കി കർണാടക ഗ്രാമവികസന–പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖർഗെ. ആർഎസ്എസ് കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന ആരോപണം ആവർത്തിച്ച മന്ത്രി, ഇത് തടയാൻ കോൺഗ്രസ് സർക്കാർ നിയമം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി. വിദേശരാജ്യങ്ങളായ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയവിടങ്ങളിൽ നിന്നുള്ള 2,500ലധികം സംഘടനകളിൽ നിന്ന് ആർഎസ്എസിന് ധനസഹായം ലഭിക്കുന്നുണ്ടെന്നും, ഇതിന് നിയമപരമായ രജിസ്ട്രേഷൻ ഇല്ലെന്നും പ്രിയങ്ക് ഖർഗെ ആരോപിച്ചു. സംഭാവനകൾ സ്വീകരിക്കുന്ന എല്ലാ സംഘടനകളും നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും, അതിന് വിസമ്മതിക്കുന്ന സംഘടനകൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് രജിസ്റ്റർ ചെയ്യില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പക്ഷം, അത് പരിഹരിക്കാൻ പ്രത്യേക നിയമനിർമ്മാണം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ആർഎസ്എസിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ മറ്റുള്ളവർ മറുപടിയുമായി എത്തുന്നതെന്തിനാണെന്ന് ചോദിച്ച പ്രിയങ്ക്, ബിജെപി അവരുടെ വക്താവായി പ്രവർത്തിക്കുന്നുണ്ടോ എന്നും ചോദിച്ചു.
ആർഎസ്എസ് ശാഖകളിൽ ബിജെപി നേതാക്കളുടെ മക്കൾ പങ്കെടുക്കുന്നില്ലെന്ന പരാമർശത്തോടൊപ്പം, ചില സാമൂഹിക–മതാചാരങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പരിഹാസപരമായ പരാമർശങ്ങളും നടത്തി. ആർഎസ്എസിന്റെ ധനസ്രോതസുകളെക്കുറിച്ചും നികുതി അടയ്ക്കാത്തതെന്തുകൊണ്ടാണെന്നതടക്കമുള്ള ചോദ്യങ്ങളും മന്ത്രി ഉന്നയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാർ സ്ഥാപനങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ആർഎസ്എസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന വാദവുമായി എംഎൽസി ചലവാടി നാരായണസ്വാമി രംഗത്തെത്തി. 1925ൽ സ്ഥാപിതമായ ആർഎസ്എസ് വ്യക്തികളുടെ കൂട്ടായ്മ മാത്രമാണെന്നും, നിയമപരമായ രജിസ്ട്രേഷൻ ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫെബ്രുവരി 15ന് നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങിലാണ് ആർഎസ്എസിനെതിരെ പ്രിയങ്ക് ഖർഗെ രൂക്ഷ വിമർശനം നടത്തിയത്.











