
ഹൈദരാബാദ്: തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഉജ്ജ്വല വിജയം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിൽ 90 എണ്ണത്തിലും കോൺഗ്രസ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷമായ ബി.ആർ.എസ് 12 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ കരുത്തുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഒരു മുനിസിപ്പാലിറ്റിയിൽ മാത്രമാണ് നിലവിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.
തിരഞ്ഞെടുപ്പ് ചുരുക്കത്തിൽ:
ആകെ മുനിസിപ്പാലിറ്റികൾ: 116
കോൺഗ്രസ് മുന്നേറ്റം: 90
ബി.ആർ.എസ് ലീഡ്: 12
ബി.ജെ.പി ലീഡ്: 01
ബുധനാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നലെ രാവിലെ എട്ടു മണിക്കാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥികൾ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 116 മുനിസിപ്പാലിറ്റികൾക്ക് പുറമെ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും വോട്ടെടുപ്പ് നടന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുത്ത് അധികാരം ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ.
പരാതിയുമായി ബി.ജെ.പി
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ പലയിടത്തും പൊരുത്തക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ ഹൈദരാബാദിൽ ഡി.ജി.പിയെ കണ്ട് തങ്ങളുടെ ആശങ്ക അറിയിച്ചു.
സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാനൊരുങ്ങിയ ബി.ആർ.എസിന് ഫലം വലിയ തിരിച്ചടിയാണ് നൽകുന്നത്. പല വാർഡുകളിലും കോൺഗ്രസുമായി കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും മുനിസിപ്പാലിറ്റികളുടെ എണ്ണത്തിൽ ബി.ആർ.എസിന് പിന്നോട്ട് പോകേണ്ടി വന്നു. അതേസമയം, ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം വലിയ പ്രതീക്ഷ വെച്ചുപുലർത്തിയ തെലങ്കാനയിൽ പാർട്ടിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വരുന്നത്.











