09:32am 10 November 2026
NEWS
ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയില്‍ ജൂലൈ എട്ടിന് ബ്ലോക്ക് തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം
04/07/2025  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയില്‍ ജൂലൈ എട്ടിന് ബ്ലോക്ക് തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി: ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൂലൈ എട്ടിന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. ജില്ലയിലെ ആരോഗ്യ രംഗത്ത് കളമശേരി മെഡിക്കല്‍ കോളേജ് കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകളും, മതിയായ ചികിത്സ പോലും  ലഭ്യമല്ലെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം വിലയിരുത്തി. നേതൃയോഗം കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. 

ജനറല്‍ ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. ശസ്ത്രക്രിയ ആവശ്യമായ രോഗികള്‍ മാസങ്ങളോളമാണ് കാത്തിരിക്കേണ്ടി വരുന്നത്. ഇതിലൂടെ സ്വാഭാവിക മരണം വരെ പലര്‍ക്കും സംഭവിക്കുന്നു. ജില്ലയിലെ താലൂക്ക് ആശുപത്രികളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും ശോചനീയമായ അവസ്ഥയിലാണ്. ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്ന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വെളിവാകുന്നതെന്നും യോഗം കുറ്റപ്പെടുത്തി. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ തുറന്നു പറഞ്ഞതോടെയാണ് അവിടുത്തെ വിഷയങ്ങള്‍ പുറം ലോകമറിഞ്ഞത്. ആ വിഷയം താല്‍കാലികമായി പരിഹരിച്ചപ്പോള്‍ കോട്ടയത്തെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കി. എന്നിട്ടും ആരോഗ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത വി ജെ പൗലോസ് കുറ്റപ്പെടുത്തി. 

എംഎല്‍എമാരായ കെ ബാബു, അന്‍വര്‍ സാദത്ത്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ബി എ അബ്ദുല്‍ മുത്തലിബ്, എസ് അശോകന്‍, നേതാക്കളായ അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്‍, ജയ്‌സണ്‍ ജോസഫ്, കെ പി ഹരിദാസ്, കെബി മുഹമ്മദ് കുട്ടി, കെ എം സലിം, ടി എച്ച് അബ്ദുല്‍ ജബ്ബാര്‍, പി വി ജോസ്, സി എ ഷാജി, എം ജെ ടോമി തുടങ്ങിയവര്‍ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img