
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് യുടെ ടിവികെ അധികാരത്തിലേക്ക്. സർക്കാർ രൂപീകരിക്കാൻ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് തമിഴകത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമാകുന്നത്. അഞ്ച് സീറ്റുകളാണ് തമിഴ്നാട്ടിൽ കോൺഗ്രസിനുള്ളത്. മറ്റു ചില ചെറു പാർട്ടികളുടെ കൂടി പിന്തുണ വിജയ് ഉറപ്പാക്കിയതോടെയാണ് ടിവികെ കേവലഭൂരിപക്ഷം ഉറപ്പിച്ചത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയാണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനമെടുത്തത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച വിജയമാണ് വിജയുടേതെന്നും വേണുഗോപാൽ പറഞ്ഞിരുന്നു. തീരുമാനം സംബന്ധിച്ച് ഹൈക്കമാൻഡിന് ഈ റിപ്പോർട്ട് നൽകും. ചില ഉപാധികളോടെയാകും കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുക. ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുക.
അതേസമയം, മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണം എന്നാവശ്യപ്പെട്ട് ഗവർണർക്ക് വിജയ് പുതിയ കത്ത് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച്ച രാവിലെ 11:30ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അഭ്യർത്ഥന. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ വിജയം നേടിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ് കോൺഗ്രസ് പിന്തുണ തേടിയിരുന്നു.
വിഷയത്തിൽ തീരുമാനമെടുക്കാൻ തമിഴ്‌നാട്ടിലെ കോൺഗ്രസ് ഘടകം ഇന്നലെ യോഗം ചേർന്നിരുന്നു. ബിജെപി ഭരണത്തിന് അവസരം നൽകില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ടിവികെയെ പിന്തുണയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമെന്നും ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാൻ സംസ്ഥാന ഘടകത്തിന് അധികാരം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
മറ്റ് ചില പാർട്ടികളും പുതിയ സർക്കാരിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്, എന്നാൽ ഇവരെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി രാഷ്ട്രീയ അരങ്ങേറ്റത്തിന് പിന്നാലെയാണ്, ടിവികെ മേധാവി വിജയ് മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപം നൽകുന്നതിനായി ചെന്നൈയിലെ പട്ടിനമ്പാക്കത്തെ വസതിയിൽ എംഎൽഎമാരുടെ യോഗം ചേർന്നത്. ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിലെ വേരൂന്നിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർക്കപ്പെടുന്ന ആദ്യ സംഭവമായിരുന്നു ടി.വി.കെയുടെ വിജയം. മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.










