
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. പാർട്ടി നേതൃത്വത്തെ വൻ പ്രതിസന്ധിയിലാക്കിയ സ്യൂട്ട്കെയ്സ് പരാമർശത്തിന്റെ പേരിലാണ് നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. 500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് നൽകാൻ കഴിയുന്നവർക്കേ പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിമുഖമാകാൻ കഴിയൂ എന്നായിരുന്നു നവജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം.
ഏതെങ്കിലും പാർട്ടി സിദ്ദുവിന് അധികാരം നൽകിയാൽ പഞ്ചാബിനെ സുവർണ സംസ്ഥാനമാക്കി മാറ്റുമെന്നും കൗർ പറഞ്ഞിരുന്നു. അതോടെ, സിദ്ദുവും ഭാര്യയും പാർട്ടിമാറുമെന്ന സൂചന ശക്തമായി. മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിനായി ഇത്രയും വലിയ തുക നൽകാൻ തന്റെയും ഭർത്താവിന്റെയും കയ്യിലില്ലെന്നും പഞ്ചാബിനു വേണ്ടിയാണ് സംസാരിക്കുന്നെന്നും അവർ പറഞ്ഞു. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു കൗറിന്റെ പരാമർശം.











