
തൃശൂർ: കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലാലി ജെയിംസ് ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി നടപടി.
മേയർ പദവി പണം വാങ്ങി വിറ്റുവെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് ഉന്നയിച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്. തൃശൂർ ഡിസിസി നേതൃത്വത്തെയും യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെയും ലക്ഷ്യമിട്ടായിരുന്നു ആരോപണങ്ങൾ. പണപ്പെട്ടിയുമായി നേതാക്കളെ നേരിൽ കണ്ടതായും, പണം നൽകാൻ തയ്യാറാകാത്തതിനാലാണ് മേയർ സ്ഥാനത്ത് നിന്ന് തഴഞ്ഞതെന്നും ലാലി ജെയിംസ് ആരോപിച്ചു. രണ്ട് ദിവസം മുൻപാണ് ഇത്തരം ഇടപാടുകൾ നടന്നതെന്നും അവർ പറഞ്ഞു.
വിജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ ഭൂരിഭാഗവും മേയർ സ്ഥാനത്തേക്ക് തന്റെ പേരാണ് നിർദേശിച്ചതെന്നും, എന്നാൽ പിന്നീട് പാർട്ടി നേതൃത്വത്തിന്റെ നിലപാട് മാറിയതായും ലാലി വ്യക്തമാക്കി. ആദ്യ ഒരു വർഷത്തേക്കെങ്കിലും മേയർ പദവി നൽകണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അവർ ആരോപിച്ചിരുന്നു. ലാലിയുടെ വെളിപ്പെടുത്തലുകൾ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.











