09:13am 24 August 2026
NEWS
പെരുമ്പാവൂരിൽ 'എൽദോസ് ഔട്ട്‌'; പകരം സതീശന്റെ വിശ്വസ്തൻ? കോവളം എം.എൽ.എയെ കാക്കാൻ ഇരട്ടത്താപ്പെന്ന് ചെന്നിത്തല പക്ഷം; ഗ്രൂപ്പ് വൈരത്തിൽ ഉലഞ്ഞ് കോൺഗ്രസ് കോട്ട
17/03/2026  04:00 PM IST
ന്യൂസ് ബ്യൂറോ
പെരുമ്പാവൂരിൽ എൽദോസ് ഔട്ട്‌; പകരം സതീശന്റെ വിശ്വസ്തൻ? കോവളം എം.എൽ.എയെ കാക്കാൻ ഇരട്ടത്താപ്പെന്ന് ചെന്നിത്തല പക്ഷം; ഗ്രൂപ്പ് വൈരത്തിൽ ഉലഞ്ഞ് കോൺഗ്രസ് കോട്ട

ന്യൂഡൽഹി:​പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരാട്ടം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. പീഡനക്കേസിൽ പ്രതിയായ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ഇത്തവണ മാറ്റിനിർത്തണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം നടപ്പിലാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് രംഗത്തിറങ്ങിയതോടെയാണ് പോര് മുറുകിയത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ എൽദോസിനെ വെട്ടി ആ സീറ്റിൽ എറണാകുളം ഡി.സി.സി പ്രസിഡന്റും തന്റെ അടുത്ത അനുയായിയുമായ മുഹമ്മദ് ഷിയാസിനെ പ്രതിഷ്ഠിക്കാനാണ് സതീശൻ പക്ഷത്തിന്റെ നീക്കം എന്നാണ് സൂചന. എൽദോസിനെതിരെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിചാരണ തുടങ്ങാനിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കമെങ്കിലും, ഇതിന് പിന്നിൽ കൃത്യമായ ഗ്രൂപ്പ് അജണ്ടയുണ്ടെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്.
​ധാർമ്മികതയുടെ പേരിൽ എൽദോസിനെ കൈവിടാൻ ഒരുങ്ങുന്ന സതീശൻ, തന്റെ വിശ്വസ്തനായ കോവളം എം.എൽ.എ എം. വിൻസെന്റിനെ സംരക്ഷിക്കാൻ കാണിക്കുന്ന താൽപ്പര്യം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിൻസെന്റിനെതിരെയുള്ള സമാനമായ കേസുകളിൽ മൗനം പാലിക്കുകയും എൽദോസിനെ മാത്രം വേട്ടയാടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ചെന്നിത്തല പക്ഷം തുറന്നടിക്കുന്നു. സ്വന്തം ഗ്രൂപ്പുകാരെ സംരക്ഷിക്കുകയും മറുവിഭാഗത്തെ വെട്ടിനിരത്തുകയും ചെയ്യുന്ന ഈ ശൈലി പെരുമ്പാവൂരിൽ പാർട്ടിയെ വലിയ തോൽവിയിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് അണികൾ. നേതാക്കൾ പരസ്പരം പാര വെച്ചും ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കായി വാദിച്ചും മുന്നോട്ട് പോകുമ്പോൾ, നഷ്ടപ്പെടുന്നത് പാർട്ടിയുടെ അടിത്തറയാണെന്ന തിരിച്ചറിവ് പ്രവർത്തകർക്കിടയിൽ ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img